ചാലക്കുടി: അങ്ങനെ ചാലക്കുടിക്കും ഒരു തറയുടെ നാമധേയം അലങ്കാരമാകുന്നു. ആൽത്തറകളാണ് നാട്ടിലും നഗരത്തിലും അറിയപ്പെടുന്നതെങ്കിൽ കലാഭവൻ മണിയുടെ നാട്ടിലത് ചൂളത്തറയിലും. അനശ്വര കലാകാരന്റെ പേരിട്ടിരിക്കുന്ന ആധുനിക പാർക്കിലെ ചൂളത്തറ മെല്ലെ പ്രശസ്തിയുടെ ഉയരങ്ങളും കീഴടക്കുകയാണ്. പാർക്കിന്റെ ചങ്ക് ഏതെന്ന് ചോദിച്ചാൽ രണ്ടുവട്ടം ചിന്തിക്കേണ്ടതില്ല, ഉത്തരം ചൂള തന്നെ. കഴിഞ്ഞ സർക്കാരും നഗരസഭാ ഭരണ സമിതിയും ചേർന്ന് നഗരത്തിൽ പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ തിരഞ്ഞെടുത്തത് പഴയ കൊച്ചിൻ പോട്ടറീസിന്റെ സ്ഥലമാണ്. വ്യവസായ വകുപ്പിൽ നിന്നും റവന്യൂവിലേയ്ക്ക് കൈമാറിയ നാലേക്കർ ഭൂമിയും കെട്ടിടവും പിന്നീട് നഗരസഭയ്ക്ക് പാട്ടത്തിന് നൽകി. ടൂറിസം വകുപ്പിന്റെ മൂന്നും നഗരസഭയുടെ ഒരു കോടി രൂപയും ചേർത്ത് പാർക്കിന്റെ ഒന്നാംഘട്ടം ഒരുക്കി ഉദ്ഘാടനവും നടത്തി. അവസാന കാലഘട്ടത്തിൽ ചാലക്കുടി റിഫ്രാക്ടറീസ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു പ്രസ്തുത വസ്തുക്കൾ. കെട്ടിടം ലേലം ചെയ്തപ്പോൾ ബ്രിട്ടീഷ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ചൂള നിലനിറുത്തണമെന്ന് നിർദ്ദേശമുണ്ടായി. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഒ. പൈലപ്പന്റെ അഭ്യർത്ഥനയെ തുടർന്ന്് വൈസ് ചെയർമാനായിരുന്ന വിത്സൻ പാണാട്ടുപറമ്പിലാണ് ചൂള നിലനിർത്തുന്ന ദൗത്യത്തിന് ചുക്കാൻ പിടിച്ചത്. അന്നത്തെ എം.എൽ.എ ബി.ഡി. ദേവസിയും ചൂളയ്ക്കായി രംഗത്തെത്തി. ചൂളയ്‌ക്കൊരു തറയും ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ചു. അങ്ങനെയാണ് ചൂളയ്ക്ക് അലങ്കാരമായി തറയുടേയും പിറവി. ഇപ്പോൾ നഗരസഭയുടെ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നത് ചൂളത്തറയിലാണ്. വൈകുന്നേരങ്ങളിലെ വർത്തമാനത്തിനും നിരവധിയാളുകൾ ഇവിടെയെത്തുന്നു. അങ്ങനെ കലയും സാംസ്‌കാരവും സമന്വയിക്കുന്ന ഇടമായി ചൂളത്തറ മാറുകയാണ്.
ചൂളയുടെ ചരിത്രം
ബ്രിട്ടീഷുകാരുടെ കാലത്ത് ഭരണിയും അനുബന്ധ സാമഗ്രികളും നിർമ്മിക്കാനായി കൊച്ചിൻ പോട്ടറീസ് കമ്പനി തുടങ്ങി. നൂറടി ഉയരത്തിൽ ചൂളയും നിർമ്മിച്ചു. പിന്നീട് ഇഷ്ടിക നിർമ്മാണം ആരംഭിച്ചപ്പോൾ പേര് ചാലക്കുടി റിഫ്രാക്ടറീസ് ലിമിറ്റഡ് എന്നായി. നഷ്ടത്തിൽ നിന്നും നഷ്ടങ്ങളിലേയ്ക്ക് കൂപ്പു കുത്തിയപ്പോൾ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകി സർക്കാർ കമ്പനി അടച്ചുപൂട്ടി. റിഫ്രാക്ടറീസ് കമ്പനിയായിരുന്ന വേളയിൽ ഇടിമിന്നലേയ്റ്റ് മുകൾഭാഗം തകർന്നു. അറ്റകുറ്റപ്പണികൾ നടത്തി ചൂള എൺപത് അടിയിൽ നിലനിറുത്തി.