വെള്ളം ലഭിക്കാത്തതിനാൽ കടവല്ലൂരിൽ പാടം വിണ്ട് കീറിയ നിലയിൽ.
കുന്നംകുളം: പ്രതിസന്ധികൾ തരണം ചെയ്ത് പ്രതീക്ഷകളോടെ തുടങ്ങിയ നെൽക്കൃഷി കതിരണിയുമോ എന്ന ആശങ്കയിലാണ് കടവല്ലൂരിലെ നൂറോളം കർഷകർ. കൃഷി ചെയ്യാതെ 30 വർഷം തരിശുകിടന്ന 150 ഏക്കർ പാടത്ത് ഇറക്കിയ നെൽക്കൃഷി വെള്ളം ലഭിക്കാത്തതിനാൽ വരൾച്ചാ ഭീഷണി നേരിടുകയാണ്. 6 മാസത്തോളം അദ്ധ്വാനിച്ചാണ് കർഷകർ പാടം കൃഷിയോഗ്യമാക്കിയത്. പാടത്തെ ചെടികളും ചണ്ടിയും ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കി. കനത്ത മഴയിൽ പാടങ്ങളിൽ കയറിയ വെള്ളം ദിവസങ്ങളോളം ശ്രമിച്ചാണ് വറ്റിച്ചത്. വെള്ളക്കെട്ട് മൂലം ഒരു മാസം വൈകി ആരംഭിച്ച നടീൽ കൃഷിമന്ത്രി പി. പ്രസാദാണ് ഉദ്ഘാടനം ചെയ്തത്. കൃഷി വകുപ്പ് സൗജന്യമായി നൽകിയ വരൾച്ച നേരിടാനുള്ള മിത്ര ബാക്ടീരിയ ഉപയോഗിച്ചത് അൽപ്പം ആശ്വാസം നൽകിയിട്ടുണ്ട്. കൊയ്ത്തിന് ഒരു മാസം കൂടി ബാക്കി നിൽക്കെ 20 ദിവസമെങ്കിലും വെള്ളം ലഭിച്ചാൽ മാത്രമേ മികച്ച വിളവ് ലഭിക്കുകയുള്ളൂ. വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
തോടുകൾ വറ്റിവരണ്ട നിലയിൽ
പാടത്തേയ്ക്ക് വെള്ളമെത്തിക്കുന്ന ഒതളൂർ ബണ്ട് തോടും തറമേൽ താഴം തോടും മരങ്ങാട്പാടം തോടും വറ്റിവരണ്ട നിലയിലാണ്. കിണറുകളിൽ നിന്നും വെള്ളം എത്തിച്ചാണ് പല കർഷകരും ജലസേചനം നടത്തുന്നത്. വേനൽ മഴ കിട്ടിയില്ലെങ്കിൽ പൂർണമായി കൃഷി ഉണങ്ങുമോ എന്ന ആശങ്ക കർഷകർക്കുണ്ട്.