 
പുഴയ്ക്കലിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്ന പ്രദേശം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ കെ.എൽ.ഡി.സി ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിക്കുന്നു.
തൃശൂർ: പുഴയ്ക്കൽ കെ.എൽ.ഡി.സി കനാൽ പുഴയുമായി ചേരുന്ന ഭാഗത്ത് വലതു ബണ്ടിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് 1.57 കോടി രൂപയുടെ ഭരണാനുമതി. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ റഗുലേറ്റർ കം ബ്രിഡ്ജ് എന്ന ആവശ്യമുയർത്തി ഉന്നയിച്ച സബ്മിഷന് മറുപടിയായി നിലവിലെ പദ്ധതികളിലെ അധിക പണം ഉപയോഗിച്ച് റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാമെന്ന് കൃഷി മന്ത്രി ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് തുക അനുവദിച്ചത്.
പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കെ.എൽ.ഡി.സി ചീഫ് എൻജിനീയറായ എ.ജി. ബോബൻ, അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ വി.ജി. സുനിൽ, പ്രോജക്ട് എൻജിനീയർ (ഇൻചാർജ്) എൻ.കെ. അനു, ഓവർസിയർ എം. രമേഷ് എന്നിവർ പറഞ്ഞു. പതിയാർക്കുളങ്ങര, പഴമുക്ക് ബണ്ടുകളുൾപ്പെടുന്ന പദ്ധതികൾക്കും അംഗീകാരമായി. കോൾ മേഖലയിലെ വിവിധ പദ്ധതികളും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്.
കുടിവെള്ളക്ഷാമത്തിനും വെള്ളക്കെട്ടിനും പരിഹാരമാകും
റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതോടെ കുടിവെള്ളക്ഷാമത്തിനും വെള്ളക്കെട്ടിനും പരിഹാരമാകും. പുഴയ്ക്കലിൽ ടൂറിസ്റ്റ് കൊറിഡോർ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കോൾനിലങ്ങളിലൂടെയുള്ള ബോട്ട് യാത്ര സാദ്ധ്യമാക്കുന്നതിനായി ഉയരവും വീതിയുമുള്ള കഴകളായിരിക്കും ബ്രിഡ്ജിന് ഉണ്ടാവുക. പുഴയ്ക്കൽ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസമാകുന്ന വിധത്തിലുള്ള കനാൽ ബണ്ട് നിർമ്മാണം മൂലം അടാട്ട് പഞ്ചായത്തിലെ അഞ്ച് മുതൽ ഏഴ് വരെയുള്ള വാർഡുകളിൽ വർഷക്കാലത്ത് വെള്ളപ്പൊക്കം പതിവായിരുന്നു.