പുന്നയൂർക്കുളം: കുടിവെള്ള, ശുചിത്വ പദ്ധതികൾക്ക് 46 ലക്ഷം രൂപ നീക്കിവച്ചുകൊണ്ട് പുന്നയൂർക്കുളം പഞ്ചായത്ത് ബഡ്ജറ്റ്. എല്ലാ വാർഡുകളിലും ജല സ്രോതസ്സ് കണ്ടെത്തുന്ന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് ലക്ഷ്യം. പഴയ തോടുകൾ, കുളങ്ങൾ, പൊതുകിണർ എന്നിവ നവീകരിക്കും. വാർഡുകളിൽ സ്വാശ്രയ കുടിവെള്ള പദ്ധതികൾക്കാണ് ഊന്നൽ നൽകുന്നത്. കിണറുകളും കുഴൽ കിണറുകളും നിർമ്മിക്കുകയും കിണർ റീചാർജിംഗ് നടത്തുകയും ചെയ്യും. മഴക്കാലത്ത് ശുദ്ധജലം പാഴാകാതെ മഴവെള്ള സംഭരണികൾ നിർമ്മിച്ച് ജല ശേഖരണം നടത്തും. രണ്ടു വർഷത്തിനുള്ളിൽ സ്വാശ്രയ പദ്ധതികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ണ്, ജലസംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങിയ പദ്ധതികൾക്ക് 22 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.