 
ചാലക്കുടി: കാരക്കുളത്തുനാടും വി.ആർ.പുരത്തും ഒന്നര പതിറ്റാണ്ടു മുൻപ് ഉയർന്ന സ്വീവേജ് വിരുദ്ധ സമരത്തിന്റെ കാഹളം വീണ്ടും മുഴങ്ങുകയാണോ?. വലിയ ജനകീയ സമരത്തിന് മുൻപിൽ അടിയറവ് പറഞ്ഞ് വേണ്ടെന്നുവച്ച സ്വീവേജ് പദ്ധതി ഉയർത്തെഴുന്നേൽക്കുന്ന സൂചനകൾ പുറത്തുവന്നതാണ് നൂറുകണക്കിന് പ്രദേശത്തെ കുടുംബങ്ങളെ അങ്കലാപ്പിലാക്കിയത്. നഗരത്തിലെ പുതിയ മാസ്റ്റർ പ്ലാൻ സർക്കാരിലേക്ക് അയക്കുന്ന പ്രവർത്തനത്തിന്റെ അന്തിമഘട്ടമാണിപ്പോൾ. ഇതിൽ വിസർജ്ജ്യം ഉൾപ്പടെ എല്ലാവിധ മാലിന്യങ്ങളും പൈപ്പുകൾ വഴി കാരക്കുളത്തുനാട് പാടശേഖരത്തിൽ എത്തിക്കുന്ന സ്വീവേജ് പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ പ്രദേശവാസികൾ നഗരസഭ അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തു.
പദ്ധതി രൂപം കൊണ്ടത് 2005 ൽ
2005-10 ലെ നഗരസഭ കൗൺസിലാണ് സർക്കാരിന്റെ മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ എല്ലാ വാർഡുകളിൽ നിന്നുള്ള മാലിന്യങ്ങളും കാരക്കുളത്തുനാട്ടിലെ പ്ലാന്റിൽ എത്തിക്കുന്ന പദ്ധതി വിഭാവനം ചെയ്തത്. പ്ലാന്റിൽ സംസ്‌കരണത്തിന് ശേഷം പുറത്തുവരുന്ന ശുദ്ധജലം നാട്ടിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. 60 കോടി രൂപ ചിലവു വരുന്ന പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കിയതോടെ പ്രക്ഷോഭങ്ങളും കൊടുമ്പിരിക്കൊണ്ടു.
മാലിന്യ ശുചീകരണ പ്ലാന്റ് സ്ഥാപിക്കുന്നതോടെ എഴുപത് ഏക്കർ വരുന്ന പാടശേഖരം ഉപയോഗ രഹിതമാകുമെന്നും താഴ്ന്ന വാർഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളും മറ്റും മലിനപ്പെടുമെന്നാണ് നാട്ടുകാർ അന്ന് ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ വീണ്ടും നഗരസഭ കൗൺസിലാണ് ഇതിന് അംഗീകാരം നൽകിയത്. ഭരണപക്ഷത്തുള്ള വാർഡ് കൗൺസിലറും പ്രതിപക്ഷവും ഇതിനെ എതിർത്തിട്ടുണ്ട്. സ്വീവേജ് പദ്ധതി വികേന്ദ്രീകരിച്ച് നടപ്പാക്കണമെന്നായിരുന്നു അന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നത്.