കൊടുങ്ങല്ലൂർ നഗരസഭയിൽ
കൊടുങ്ങല്ലൂർ: തെളിനീരൊഴുകും നവകേരളം സമ്പൂർണ ജലശുചിത്വ യജ്ഞത്തിന് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കം. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ജലസ്രോതസുകളിലെ മാലിന്യം നീക്കം ചെയ്യാൻ ആക്ഷൻ പ്ലാൻ രൂപീകരിക്കും. ജലസ്രോതസുകളിൽ മാലിന്യം തള്ളുന്നത് ഇല്ലാതാക്കി ജല ശുചിത്വത്തിൽ സുസ്ഥിരത കൈവരിക്കുക, അതിലൂടെ ഖര - ദ്രവ മാലിന്യ പരിപാലനത്തിൽ നഗരസഭയെ സമ്പൂർണ ശുചിത്വത്തിൽ എത്തിക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ തുടർച്ചയായിട്ടാണ് ജലശുചിത്വ പരിപാടി സംഘടിപ്പിക്കുന്നത്. ജലസ്രോതസുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തെളിനീരൊഴുകും നവകേരളം പദ്ധതി കൊടുങ്ങല്ലൂർ നഗരസഭയിലെ സ്വച്ഛ് അകം സർക്കിളിൽ പദ്ധതിയുടെ ബ്രോഷർ നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ വൈസ് ചെയർമാൻ കെ.ആർ. ജൈത്രന് നൽകി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ രവീന്ദ്രൻ നടുമുറി, വി.എം. ജോണി, എൽസി പോൾ, സെക്രട്ടറി സനിൽ തുടങ്ങിയവർ പങ്കെടുത്തു.