കുന്നംകുളം: വൃക്കരോഗിയായ പെൺകുട്ടിയെ സഹായിക്കാൻ കുന്നംകുളം ബോയ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ രംഗത്ത്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന വട്ടംപാടം സ്വദേശിനിയെ സഹായിക്കുന്നതിനാണ് കുന്നംകുളം ഗവ: മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ രംഗത്തുള്ളത്. ഇതിന്റെ ഭാഗമായി വരുന്ന ശനിയാഴ്ച്ച പായസ ചലഞ്ച് സംഘടിപ്പിച്ചിരിക്കുകയാണ്. 200 രൂപയ്ക്ക് പായസം വിറ്റ് ലഭിക്കുന്ന സംഖ്യയിൽ ചെലവ് കഴിഞ്ഞുള്ള മുഴുവൻ സംഖ്യയും ശ്രുതിയുടെ ചികിത്സയ്ക്കായി നൽകാനായിരുന്നു വിദ്യാർത്ഥികളുടെ പദ്ധതി. വിദ്യാർഥികളുടെ നന്മയും ആത്മാർത്ഥതയും കണ്ടറിഞ്ഞ് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഷെയർ ആൻഡ് കെയർ സൊസൈറ്റി സ്റ്റുഡൻസ് പൊലീസിന് സഹായവുമായി എത്തി. പായസം ഉണ്ടാക്കുന്നതിനായി വരുന്ന മുഴുവൻ ചെലവുകളും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുക്കും. ഈ തീരുമാനത്തിന്റെ ഭാഗമായി പായസം വിറ്റ് ലഭിക്കുന്ന മുഴുവൻ സംഖ്യയും ശ്രുതിയുടെ ചികിത്സയ്ക്കായി മാറ്റിവയ്ക്കാൻ കഴിയും. പായസം ചലഞ്ചിന്റെ ചെലവിലേക്കായി ഒരു ലക്ഷം രൂപയുടെ ചെക്ക് ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ലബീബ് ഹസൻ കുന്നംകുളം പൊലീസ് ഇൻസ്പെക്ടർ വി.സി. സൂരജിന് കൈമാറി. ഷെമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ, പി.എം. ബെന്നി, ജിനാഷ് തെക്കേകര പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ജോസ് മാളിയേക്കൽ എന്നിവർക്ക് പുറമേ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും സന്നിഹിതരായിരുന്നു. 9947273050, 9846793596 എന്നീ നമ്പറുകളിലേക്ക് 200 രൂപ ഗൂഗിൾ പേ ചെയ്ത് മുൻകൂട്ടി പായസം ബുക്ക് ചെയ്താൽ കുന്നംകുളം നഗരത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ പായസം എത്തിച്ച് നൽകും.