ചാലക്കുടി: കാഞ്ഞിരപ്പിള്ളിയിലെ സെന്റ് ജോർജ് ഗോഡൗണിൽ കയറ്റിറക്ക് സംബന്ധിച്ച് നിലനിന്നിരുന്ന തൊഴിൽപ്രശ്‌നം ഒത്തുതീർന്നു. തൊഴിലാളി യൂണിയൻ പ്രതിനിധികളും ഗോഡൗൺ ഉടമയും തമ്മിൽ ചാലക്കുടി അസി.ലേബർ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്‌നം രമ്യതയിലെത്തിയത്. ഇതുപ്രകാരം തൊഴിലാളിക്ക് എട്ടു മണിക്കൂർ ജോലിക്ക് 900 രൂപ കൂലി ലഭിക്കും. മൂന്നു വർത്തേയ്ക്കുള്ള കരാറിൽ പ്രതിവർഷം 5 ശതമാനം കൂലി വർദ്ധനയുമുണ്ടാകും. കയറ്റിറക്ക് രംഗത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗോഡൗൺ തൊഴിലാളികളും പുറത്തു നിന്നുള്ള തൊഴിലാളികളുടേയും ആനുപാതം 1: 1 എന്ന തോതിലുമാക്കി.
സി.ഐ.ടി.യു പരിയാരം പഞ്ചായത്ത് സെക്രട്ടറി ജി.എൽ. പോളി, ഏരിയാ സെക്രട്ടറി എം.കെ. അനിരുദ്ധൻ, ഐ.എൻ.ടി.യു.സി റീജിണൽ പ്രസിഡന്റ് എം.എൽ. തോമസ്, മണ്ഡലം പ്രസിഡന്റ് ബിജു കുരിശിങ്കൽ, എ.ഐ.ടി.യു.സി പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ, പി.ജി. സുരേഷ്, ഗോഡൗൺ ഉടമ സാബു ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എ.എൽ.ഒ ആശ അദ്ധ്യക്ഷയായി. ബിഗ് ബസാറിന്റെ മദ്ധ്യ കേരളത്തിലെ ഗോഡൗണാണ് കാഞ്ഞിരപ്പിള്ളിയിലേത്.