
തൃശൂർ: തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന മേള ഏപ്രിൽ ഏഴിന് സമാപിക്കും. രാജ്യത്തെ വിവിധ ഭാഷാ സിനിമകളിലെ നവാഗത സംവിധായകരുടെ സിനിമകൾക്ക് പ്രാധാന്യം കൊടുത്തുള്ള ചലച്ചിത്രമേളയിൽ 75 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 56 സിനിമകൾ തൃശൂർ ശ്രീ തീയേറ്ററിലും, 14 സിനിമകൾ ബാനർജി ക്ലബ് സ്ക്രീനിലും, 16 സിനിമകൾ സെന്റ് തോമസ് കോളേജ് മെഡ് ലി കോട്ട് ഹാൾ സ്ക്രീനിലും പ്രദർശിപ്പിക്കും.
ഇരിങ്ങാലക്കുട മാസ് മൂവിസിൽ ഏപ്രിൽ 1 മുതൽ 7 വരെ 14 സിനിമകൾ പ്രദർശിപ്പിക്കും. 28, 29 തീയതികളിൽ കേരളത്തിൽ ദേശീയ പണിമുടക്കായത് കൊണ്ട് സ്ക്രീനിംഗ് ഉണ്ടാവില്ല. ഇന്ന് രാവിലെ 9.30 മുതൽ സിനിമാപ്രദർശനം ആരംഭിക്കും. 9.30, 11.30,1.30, 3.30, 5.30, 7.30 എന്നതാണ് സ്ക്രീനിംഗ് സമയം. ലോക സിനിമ, ഫിപ്രസി ഇന്ത്യ അവാർഡിനായുള്ള ഇന്റർനാഷണൽ കോമ്പറ്റിഷൻ, 9ാമത് കെ.ഡബ്ലു ജോസഫ് അവാർഡിനായുള്ള നാഷണൽ കോമ്പറ്റീഷൻ, സൗത്ത് ഏഷ്യൻ സിനിമ വിഭാഗം, ഇന്ത്യൻ പനോരമ 2021, സമകാലിക മലയാള സിനിമ, ഡി.എഫ്.എഫ് പനോരമ, യുക്രെയിൻ മാസ്റ്റേഴ്സ് ആൻഡ് ക്ലാസിക്സ് വിഭാഗങ്ങൾ തിരിച്ചായിരിക്കും പ്രദർശനം.
തേക്കിൻകാട് ഫെസ്റ്റിവൽ നാളെ മുതൽ
തൃശൂർ: സാംസ്കാരിക വകുപ്പിന് കീഴിൽ രൂപീകരിച്ച സാംസ്കാരിക ഉന്നത സമിതിയുടെ നേതൃത്വത്തിൽ 26, 27 തീയതികളിൽ തൃശൂരിൽ തേക്കിൻകാട് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 26ന് രാവിലെ 10 ന് മന്ത്രി ഡോ.ആർ.ബിന്ദു തേക്കിൻകാട് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. തൃശൂർ എം.എൽ.എ പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സംവിധായകൻ കമൽ കെ.പി.എ.സി ലളിതയെ അനുസ്മരിച്ച് സംസാരിക്കും.
ശനിയാഴ്ച രാവിലെ 11ന് സ്വാതന്ത്ര്യാനന്തര കേരളവും വികസനവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും മക്കളായ മട്ടന്നൂർ ശ്രീകാന്തും മട്ടന്നൂർ ശ്രീരാജും അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പക നടക്കും. കലാമണ്ഡലത്തിലെ കലാപ്രതിഭകൾ ഒരുക്കുന്ന നൃത്തപരിപാടിയായ മോക്ഷ രാത്രി 8 ന് അവതരിപ്പിക്കും.
27 ന് രാവിലെ 10 ന് നടക്കുന്ന സ്വാതന്ത്ര്യാനന്തര കേരളവും സാംസ്കാരിക മുന്നേറ്റവും എന്ന സെമിനാർ സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ.കെ.സച്ചിദാനന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
27ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിക്കും.
മന്ത്രി കെ.രാജൻ സമാപന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. കലാമണ്ഡലം ക്ഷേമാവതി മുഖ്യാതിഥിയാവും. സാംസ്കാരിക ഉന്നത സമിതി സെക്രട്ടറി ഡോ.പ്രഭാകരൻ പഴശ്ശി, സ്വാഗത സംഘം കൺവീനർ ഡോ.എം.എൻ.വിനയകുമാർ, ടെക്നിക്കൽ കോ ഓർഡിനേറ്റർ വി.ടി.പ്രസൂൺ എന്നിവർ പങ്കെടുത്തു.