
തൃശൂർ : സ്വകാര്യബസ് സമരത്തിനിടയിലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ തിക്കും തിരക്കും. ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിലാണ് കൂടുതൽ തിരക്ക്. ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ ആഴ്ചയിലൊരു ദിവസമാണ് ഒ.പി പ്രവർത്തിക്കുന്നത്. രണ്ട് ഡോക്ടർമാരാണ് ഈ വിഭാഗത്തിലുള്ളത്.
സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാ വിഭാഗമായിട്ട് പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ജനറൽ മെഡിസിൻ വിഭാഗത്തിന് കീഴിലാണ് ഇപ്പോഴും ഈ സൂപ്പർ സ്‌പെഷാലിറ്റി വിഭാഗം. രണ്ട് ഡോക്ടർമാർ, രാവിലെ എട്ട് മുതൽ വൈകിട്ട് നാലുവരെ രോഗികളെ പരിശോധിച്ചാലേ രോഗികളെയെല്ലാം നോക്കാനാകൂ. 40 വർഷം പ്രായമായ തൃശൂർ മെഡിക്കൽ കോളേജിൽ, ഗ്യാസ്‌ട്രോ എൻട്രോളജി, ന്യൂറോളജി, നെഫ്രോളജി, യൂറോളജി, കാർഡിയോ തൊറാസിക് സർജറി തുടങ്ങി സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ഡോക്ടറില്ലാത്തതിനാൽ പ്രതിസന്ധിയിലാണ്. ആവശ്യത്തിന് ഒരു പ്രൊഫസർ ഉൾപ്പെടെ കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ നടപടി സ്വീകരിച്ചാലേ, ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഗുണം ചെയ്യൂവെന്നാണ് ജീവനക്കാർ പറയുന്നത്.
ഭദ്രം കുടുംബസുരക്ഷാ പദ്ധതി
ധനസഹായ വിതരണം
തൃശൂർ : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭദ്രം കുടുംബസുരക്ഷാ പദ്ധതിയുടെ ഭാഗമായി നൽകുന്ന ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് വ്യാപാരഭവൻ ഹാളിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ് പത്രസമ്മേളനത്തിൽ അറിയിച്ചു. രോഗം മൂലമോ മറ്റോ മരണപ്പെടുന്ന വ്യാപാരികളുടെ കുടുംബത്തിന് പത്ത് ലക്ഷമാണ് സഹായമായി നൽകുന്നത്. അപകടങ്ങൾക്ക് ചികിത്സ ആവശ്യമായി വന്നാൽ അഞ്ച് ലക്ഷവും നൽകും. വ്യാപാരി മരണപ്പെട്ടാൽ ഏകോപനസമിതിയിൽ അംഗങ്ങളായവർ നൂറ് രൂപ നൽകും. ഇത് പ്രയോജനപ്പെടുത്തിയാണ് ധനസഹായം നൽകുക. നിലവിൽ 22,000 അംഗങ്ങളാണ് സമിതിയിലുള്ളത്. ജനുവരി മുതൽ മാർച്ച് മൂന്ന് വരെയുള്ള കണക്ക് പ്രകാരം പത്ത് വ്യാപാരികളാണ് മരണമടഞ്ഞത്. ഇവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകും. ധനസഹായം മന്ത്രി കെ.രാജൻ വിതരണം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ് കുമാർ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി.ടി.ജോർജ്ജും പങ്കെടുത്തു.