കൊടുങ്ങല്ലൂർ: കാർഷിക മേഖലക്കും കുടിവെള്ളം, മാലിന്യസംസ്‌കരണം എന്നിവയ്ക്കും മുൻഗണന നൽകുന്ന നഗരസഭയുടെ 2022- 23 വർഷത്തെ ബഡ്ജറ്റ് വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ കൗൺസിലിൽ അവതരിപ്പിച്ചു.

96.25 കോടി വരവും, 93.51 കോടി ചെലവും, 2.73 കോടി നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് എസ്റ്റിമേറ്റാണ് അവതരിപ്പിച്ചത്.

1.65 കോടി കുടിവെള്ളത്തിനും, ശുചിത്വ മാലിന്യ സംസ്‌കരണത്തിന് 3.10 കോടിയും, ആരോഗ്യ മേഖലയിൽ 1.20 കോടിയും വകയിരുത്തിയിട്ടുണ്ട്. കൃഷിക്ക് 35 ലക്ഷവും, വനിതാ വികസനത്തിന് 15 ലക്ഷവും, വിദ്യാഭ്യാസ മേഖലയ്ക്ക് 57.50 ലക്ഷവും, പട്ടികജാതി വികസനത്തിന് 2.07 കോടിയും, പൊതുമരാമത്ത് ഊർജ മേഖലയിൽ 5.24 കോടിയും നീക്കിവച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് 30 ലക്ഷം രൂപയാണ് വകയിരുത്തിയത്. വൈസ് ചെയർമാൻ നഗരസഭ ചെയർമാന് ബഡ്ജറ്റിന്റെ കോപ്പി നൽകിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. നാളെ ബഡ്ജറ്റിൽമേലുള്ള ചർച്ച നടക്കും. ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി.

സുപ്രധാന വികസനങ്ങൾ ഇവ
നാല് കോടി രൂപ ചെലവിൽ പടാകുളം സൗന്ദര്യ വത്കരിക്കുവാനും പദ്ധതിയുണ്ട്. കാവിൽക്കടവിലെ ബസ് സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കും. താലൂക്ക് ആശുപത്രിയിൽ ഐ.സി.യു സ്ഥാപിക്കും. ആശുപതിയിൽ സെന്റൽ സ്‌പെഷ്യാലിറ്റി സെന്ററും പ്രതിദിനം 30 പേർക്ക് ഡയാലിസിസും നൽകും. മണ്ഡലകാല സീസണിൽ അയ്യപ്പൻമാർക്ക് സൗജന്യ ഭക്ഷണവും ഫെസിലിറ്റി സെന്ററും സജ്ജമാകും.