udf-
നഗരസഭാ ചെയർപേഴ്‌സന്റെ ഡയസിന് മുൻപിൽ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിക്കുന്നു.

കുന്നംകുളം: കെ-റെയിൽ പ്രതിഷേധത്തിനിടെ കോൺഗ്രസ് എം.പിമാരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കുന്നംകുളം നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്നും കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയി. കേന്ദ്ര ഭരണം കയ്യാളുന്ന ബി.ജെ.പി നിയന്ത്രിക്കുന്ന ഡൽഹി പൊലീസ് സി.പി.എമ്മിന്റെ ഒത്താശയോടുകൂടിയാണ് കോൺഗ്രസ് എം.പിമാരെ മർദ്ദിച്ചതെന്ന് കോൺഗ്രസ് കൗൺസിലർ ബിജു സി. ബേബി പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് പ്രതിഷേധവുമായി കോൺഗ്രസ് കൗൺസിലർമാർ രംഗത്തെത്തിയത്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ആവശ്യമായ ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കുന്നതും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടകളിൽ ഉൾപ്പെടെ ചർച്ചചെയ്യുന്നതിനായിരുന്നു നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നത്. പ്രതിഷേധത്തിന് കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ, മിനി മോൻസി, ലീല ഉണ്ണിക്കൃഷ്ണൻ, പ്രസുന്ന രോഷിത് തുടങ്ങിയവർ നേതൃത്വം നൽകി.
എന്നാൽ എം.പിമാർക്ക് മർദ്ദനമേറ്റ സംഭവം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാൻ പോലും തയ്യാറാകാതെ കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയത് ഭീരുത്വമാണെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സുരേഷ് പറഞ്ഞു. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന നയമാണ് കോൺഗ്രസ് തുടർന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കൗൺസിലർമാരായ കെ.കെ. മുരളി, ഗീത ശശി, നഗരസഭാ വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.