പാവറട്ടി: എളവള്ളി പഞ്ചായത്തിലെ കിഴക്കൻ മേഖലയേയും പടിഞ്ഞാറൻ മേഖലയേയും ബന്ധിപ്പിക്കുന്ന എളവള്ളി പാറ ജനശക്തി കാക്കശ്ശേരി റോഡ് നിർമ്മാണത്തിലെ അവ്യക്തതകൾക്ക് പരിഹാരമായി. പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സിന്റെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി മെമ്പർമാർ തൃശൂർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലെത്തി പ്രശ്‌നങ്ങൾ അവതരിപ്പിച്ചതോടെയാണ് അവയ്ക്ക് പരിഹാരമുണ്ടായത്. രണ്ടുവർഷമായി റിപ്പയറിംഗ് നടത്താൻ സാധിക്കാതെ റോഡ് തകർന്നു തരിപ്പണമായിരുന്നു.
2.47 കോടി രൂപയാണ് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം അനുവദിച്ചത്. എന്നാൽ 0.33 ശതമാനം അധിക എസ്റ്റിമേറ്റ് തുക നിർദ്ദേശിച്ച വ്യക്തിയ്ക്കാണ് ടെണ്ടർ ലഭിച്ചത്. അതുമൂലം 2.47 കോടി രൂപയുടെ 0.33 ശതമാന തുകയായ 81510 രൂപ അധിക എസ്റ്റിമേറ്റ് തുകയായി വേണ്ടിവന്നു. ഈ തുകയ്ക്ക് അനുമതി ലഭിക്കാൻ സംസ്ഥാന സർക്കാരിന്റെ ഫിനാൻസ് വിഭാഗത്തിലേയ്ക്ക് കത്തയച്ചിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റുമായി നടത്തിയ ചർച്ചയുടെ ഭാഗമായി കരാറുകാരൻ അധിക എസ്റ്റിമേറ്റ് തുക വിട്ടു നൽകുന്നതിനും നിർമ്മാണം നടത്തുന്നതിനും തയ്യാറായിട്ടുണ്ട്.
പ്രോഗ്രാം ഇംപ്ലിമെന്റേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഡേവിഡ് ജോൺ ഡി.മോറിസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വി.എ. റോസ് സോളി, കരാറുകാരൻ ടി.എച്ച്. ജംഷീദ് എന്നിവരുമായാണ് എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിന്റെ നേതൃത്വത്തിലുള്ള മെമ്പർമാർ ചർച്ച നടത്തിയത്. ചർച്ചയ്ക്കിടെ തിരുവനന്തപുരം ചീഫ് എൻജിനീയർ കെ.ജി. സന്ദീപിനെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.
ചർച്ചയിലെ തീരുമാനങ്ങൾ
33 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് പാവറട്ടി കെ.എസ്.ഇ.ബി ആവശ്യപ്പെട്ട 7,12,478 രൂപ ഇന്ന് കൈമാറും.
റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള ലെവൽസ് തിങ്കളാഴ്ച ആരംഭിക്കും. 15 ദിവസത്തിനകം ലെവൽസ് ചീഫ് ടെക്‌നിക്കൽ എക്‌സാമിനർക്ക് റിപ്പോർട്ട് ചെയ്യും.
വാഹന യാത്രക്കാർ അപകടത്തിൽപ്പെടാതിരിക്കാനുള്ള യാത്രാസൗകര്യം എളവള്ളി പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടത്തും.
ഏപ്രിൽ 10നകം സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കരാറുകാരൻ എഗ്രിമെന്റ് വച്ച് നിർമ്മാണം ആരംഭിക്കും. ജൂൺ മാസത്തിന് മുമ്പ് പാറ മുതൽ ചിറ്റാട്ടുകര വരെയുള്ള ഭാഗം പണി പൂർത്തീകരിക്കും.