കൊടുങ്ങല്ലൂർ: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഗീത പ്രസാദ് അദ്ധ്യക്ഷയായി. പാരമ്പര്യേതര ഊർജ പദ്ധതികൾക്ക് പൊതുയോഗം അംഗീകാരം നൽകി. സോളാർ, എൽ.ഇ.ഡി തുടങ്ങി പുനരുപയോഗിക്കാവുന്നതും ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഊർജ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്കും യോഗം അംഗീകാരം നൽകി. ബാങ്കിന്റെ ഊർജമിത്ര അക്ഷയ ഊർജസേവനകേന്ദ്രം മുഖേനെ കെ.എസ്.ഇ.ബി സൗര പദ്ധതിയിലും, ബാങ്ക് നേരിട്ടും 800 കെ.വി ഓൺഗ്രിഡ് സോളാർ പവർ പ്ലാന്റുകൾ സംസ്ഥാന വ്യാപകമായി സ്ഥാപിച്ചു നൽകി. മാർച്ച് അവസാനത്തോടെ 1,000 കെ.വി സ്ഥാപിത ശേഷി കൈവരിക്കും. സോളാർ വാട്ടർ ഹീറ്ററുകളുടെയും എൽ.ഇ.ഡി ഉത്പന്നങ്ങളുടെയും ഉത്പാദനവും വിപണനവും വ്യാപിപ്പിക്കും. 47.94 കോടി വരവും, 43.19 കോടി ചെലവും, 4.75 കോടി അറ്റലാഭവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റും യോഗം അംഗീകരിച്ചു. ഭരണസമിതിയംഗം സി.കെ. ഗോപിനാഥൻ, ബാങ്ക് സെക്രട്ടറി ടി.ബി. ജിനി, ആർ.എ. മുരുകേശൻ, ഇ.ജി. സുരേന്ദ്രൻ, സണ്ണി മാധവ്, പ്രേമാനന്ദൻ, ബിന്ദു മോഹൻലാൽ എന്നിവർ പ്രസംഗിച്ചു.