
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രചരിത്രത്തിലാദ്യമായി ആഡംബര ഹെലികോപ്ടറിന് പൂജ നടന്നു. പ്രമുഖ വ്യവസായിയും ആർ.പി ഗ്രൂപ്പ് ചെയർമാനുമായ ഡോ. ബി. രവിപിള്ളയുടെ ആഡംബര ഹെലികോപ്ടറിനാണ് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ പൂജ നടന്നത്. ബൈക്കുകൾ മുതൽ ബസുകൾക്ക് വരെ പൂജ ക്ഷേത്രത്തിൽ പതിവുള്ളതാണെങ്കിലും ഇതാദ്യമായാണ് ഹെലികോപ്ടറിന് പൂജ നടക്കുന്നത്.
അരിയന്നൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിൽ ഗുരുവായൂർ ക്ഷേത്രം ഓതിക്കനും മുൻ ക്ഷേത്രം മേൽശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരിയാണ് പൂജ നിർവഹിച്ചത്. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണൻ, ഡോ. ബി. രവി പിള്ള, മകൻ ഗണേഷ് രവി പിള്ള , പൈലറ്റുമാരായ സുനിൽ കണ്ണോത്ത്, ക്യാപ്ടൻ ജി.ജി. കുമാർ എന്നിവർ പങ്കെടുത്തു.
'എച്ച് - 145 ഡി 3' ഒരു ആകാശക്കപ്പൽ
നൂറുകോടിയോളം രൂപ മുടക്കി വാങ്ങിയ എച്ച് - 145 ഡി 3 എന്ന ആഡംബര ഹെലികോപ്ടർ ആദ്യമായാണ് ഇന്ത്യയിലൊരാൾ സ്വന്തമാക്കുന്നത്. പൈലറ്റിനെ കൂടാതെ ഏഴുപേർക്ക് യാത്ര ചെയ്യാനും കടൽനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസം ഇറങ്ങാനും പൊങ്ങാനും കഴിയും. അപകടത്തിൽ പെട്ടാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്‌സോർബിംഗ് സീറ്റുകളും പ്രത്യേകതയാണ്. ഇന്ധനച്ചോർച്ചയുണ്ടാകില്ലെന്നതും സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നു.