 
ചേലക്കര: കാളവേലയ്ക്കും വെടിക്കെട്ടിനും ഏറെ പ്രശസ്തിയാർജിച്ച അന്തിമഹാകാളൻ കാവ് വേല ഇന്നാഘോഷിക്കും. അന്തിമഹാകാളനെ ദർശിക്കാൻ ആയിരങ്ങൾ ഇന്ന് കാവിലെത്തും. ദേശവേലകളും സാമുദായിക, യുവജനക്കമ്മിറ്റികളുടേതായ നിരവധി വേലകൾ ഇന്ന് കാവു വട്ടത്തെ വയലോലകളിലെത്തി കാളപ്പാട്ടിനൊത്ത് ആനന്ദച്ചുവട് വയ്ക്കും. പങ്ങാരപ്പിള്ളി, ചേലക്കര, കോളത്തൂർ. വെങ്ങാനെല്ലൂർ ചേലക്കോട്, കുറുമല, തോന്നുർക്കര എന്നീ ദേശങ്ങളാണ് വേല ആഘോഷത്തിലെ മുഖ്യപങ്കാളികൾ.
ചേലക്കര ദേശം രാവിലെ 11ന് കൊളത്തൂർ സുബ്രമണ്യ ക്ഷേത്രത്തിൽ നിന്ന് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ എലിയപ്പറ്റ കാവിലേക്കും 11.30ന് പുലാക്കോട് വടക്കുംകോട്ടയിൽ നിന്നും മേളം, ദേശക്കാള എന്നിവയോടെ അന്തിമഹാകാളൻകാവിലേക്കും വേല പുറപ്പെടും. രണ്ടിനു ചേലക്കര സെന്ററിൽ ഈടുവെടി നടത്തും. രാത്രി 8.30ന് എലിയപ്പറ്റ കാവിൽ നിന്നും ഒമ്പതിന് വടക്കുംകോട്ട കാവിൽ നിന്ന് ദേശവേലകൾ അന്തിമഹാകാളൻകാവിലേക്കു പുറപ്പെടും.
പങ്ങാരപ്പിള്ളി ദേശത്തിന്റെ പകൽവേല 12.30ന് പരിഹാരം ശിവക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് 4.30ന് കാവിലെത്തും. കുനിശ്ശേരി അനിയൻമാരാരുടെ പ്രമാണത്തിൽ മേളം നടത്തും. വെങ്ങാനെല്ലൂർ, ചേലക്കോട് ദേശവേല ചേലക്കോട് അന്തിമഹാകാളൻ കാവിൽ നിന്നു 12.30നും രാത്രിവേല വെങ്ങാനെല്ലൂർ ശിവക്ഷേത്രത്തിൽ നിന്നും രാത്രി ഒമ്പതിനും പുറപ്പെടും. കുറുമലദേശം ഇന്നു വൈകിട്ട് ആറിന് പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ കാവിൽ മേളം നടത്തും. തോന്നൂർക്കര ദേശത്തെ വിവധ കമ്മിറ്റികളുടെ വേലകളും കാവിലെത്തും. രാത്രി ഒന്നിന് പങ്ങാരപ്പിള്ളി ദേശവും രണ്ടിന് ചേലക്കര ദേശവും മൂന്നിന് വെങ്ങാനെല്ലൂർ ദേശവും നാലിന് കുറുമല ദേശവും വെടിക്കെട്ട് അവതരിപ്പിക്കും.
വേലയിലെ മുഖ്യച്ചടങ്ങായ കാളീ - ദാരിക പോർവിളിയും പ്രതീകാത്മക ദാരികാവധവും ഇന്ന് കാളി കണ്ടത്തിൽ അരങ്ങേറും. നാളെ രാവിലെ വേലകൾ ക്ഷേത്രാങ്കണത്തിൽ കയറി കാളകളിയും നടത്തും.