1
കു​ട്ട​നെ​ല്ലൂ​ർ​ ​ഗവ. അച്ചുതമേനോൻ കോളേജിൽ വിദ്യാർത്ഥികൾക്കായി നൽകാൻ സംഘടിപ്പിച്ച സൈക്കിളുകൾ.

ഒല്ലൂർ: പെട്രോളിനും ഡീസലിനും വില കൂടിയാലും ബസ് ചാർജ് വർദ്ധിച്ചാലും കുട്ടനെല്ലൂർ കോളേജിന് ഇനിയെന്ത്..? പൂർവ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പുതിയ സൈക്കിൾ യജ്ഞവുമായി രംഗത്തിറങ്ങുകയാണ് കുട്ടനെല്ലൂർ അച്യുതമേനോൻ സ്മാരക കോളേജ്.

വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനം നൽകാൻ പൂർവ വിദ്യാർത്ഥി സംഘടനയായ അലുമ്നി അസോസിയേഷനുമുണ്ട്. പൂർവ വിദ്യാർത്ഥികളും പൂർവ അദ്ധ്യാപകരും മറ്റ് ജനകീയ സംഘടനകളും ചേർന്ന് 50 സൈക്കിളുകളാണ് ഇതുവരെ സംഘടിപ്പിച്ചത്.

ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യം കഴിഞ്ഞാൽ സൈക്കിൾ കോളേജിൽ തിരിച്ചേൽപ്പിച്ച് അടുത്ത വിദ്യാർത്ഥികൾക്ക് കൈമാറാവുന്ന വിധമാണ് സംവിധാനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സൈക്കിളുകളാണ് നൽകുന്നത്. ഇനിയും സൈക്കിളുകൾ തരാമെന്ന് പലരും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സമയബന്ധിതമായി ഇവ വിദ്യാർത്ഥികൾക്ക് കൈമാറുമെന്നും പ്രിൻസിപ്പൽ രമ്യ വ്യക്തമാക്കി.

കൊവിഡ് കാലത്ത് 65 സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികൾക്ക് കൈമാറിയിരുന്നു. ശനിയാഴ്ച നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ, പ്രിൻസിപ്പൽ രമ്യ എന്നിവർ സംബന്ധിക്കും.

കോളേജിലേക്ക് സൈക്കിളിൽ വരാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് സൈക്കിൾ വിതരണത്തിൽ മുഖ്യപരിഗണന.

- രമ്യ, പ്രിൻസിപ്പൽ