ചേലക്കര: ചേലക്കരയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചേലക്കര, പഴയന്നൂർ, കൊണ്ടാഴി, തിരുവില്വാമല, പാഞ്ഞാൾ പഞ്ചായത്തു പരിധിയിലായി നൂറുകണക്കിന് ആളുകളാണ് വൃക്ക സംബന്ധമായ അസുഖങ്ങൾ മൂലം ചികിത്സയിലിരിക്കുന്നത്. ബഹുഭൂരിപക്ഷവും ഡയാലിസിസ് നടത്തി വരുന്നവരുമാണ്. തൃശൂർ മെഡിക്കൽ കോളേജിലും ഒറ്റപ്പാലം ഗവ: ആശുപത്രിയിലുമായി വളരെ കുറച്ച് രോഗികൾക്കു മാത്രമാണ് ഡയാലിസിസ് ചെയ്യുന്നതിനുള്ള അവസരം ലഭിക്കുന്നത്. മറ്റുള്ളവർ വിദൂരത്തുള്ള സ്വകാര്യ ആശ്വപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്. കൂലി വേല ചെയ്തുവരുന്ന നിർദ്ധന കുടുംബങ്ങളിലുള്ളവരാണ് ഏറിയ പങ്കും. സാമ്പത്തികമായും മാനസികമായും തളർന്നുകൊണ്ടിരിക്കുന്ന ഇത്തരം കുടുംബങ്ങൾക്ക് ഏറെ അനുഗ്രഹമാകും വിദൂരത്തല്ലാതെ ചേലക്കരയിൽ ഒരു ഡയാലിസിസ് സെന്റർ ആരംഭിച്ചാൽ.

ഒരുവർഷം മുമ്പേ കെട്ടിടം നിർമ്മിച്ചു
ചേലക്കര താലൂക്ക് ആശുപത്രിയിൽ ഒരു വർഷം മുമ്പ് ഡയാലിസിസ് സെന്റർ തുടങ്ങുന്നതിനുള്ള കെട്ടിടം നിർമ്മിച്ചതാണ്. ആറു പേർക്ക് ഒരേസമയം ഡയാലിസിസിനുള്ള സൗകര്യമാണത്. ചില സാങ്കേതിക തടസങ്ങളാലാണ് യൂണിറ്റ് തുടങ്ങാൻ വൈകിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുളള ആർ.ഒ പ്ലാന്റ് നിർമ്മിക്കാത്തതാണ് പ്രധാന കാരണം. കൂടാതെ ധാരാളം വെള്ളത്തിന്റെ ആവശ്യം ഉള്ളതിനാൽ അതിനുള്ള സംവിധാനം ഒരുക്കാത്തതും ഡയാലിസിസ് സെന്റർ ആരംഭിക്കാൻ തടസമായി നിൽക്കുന്നു.

ചേലക്കര താലൂക്ക് ഗവ: ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നതിന് വേണ്ട ഇടപെടലുകൾ ധൃതഗതിയിൽ നടത്തും. ആർ.ഒ പ്ലാന്റും വാട്ടർ ടാങ്കുമടക്കമുളള കാര്യങ്ങൾ വേഗത്തിൽ തന്നെ നിർമ്മിക്കും. അധികം താമസിയാതെ തന്നെ ചേലക്കരയിലെ ഡയാലിസിസ് സെന്റർ യാഥാർത്ഥ്യമാക്കും.
-എം.കെ. അഷ്‌റഫ്
(പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)