വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലേക്ക് ഓക്‌സിജൻ പ്ലാന്റ് മെഷീൻ എത്തി. ഇറ്റലിയിൽ നിന്നാണ് എത്തിച്ചത്. കപ്പൽ മാർഗം മുംബയ്‌യിൽ എത്തിച്ചതിനു ശേഷമാണ് ലോറിയിൽ ഓട്ടുപാറയിലുള്ള ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. 5 ടൺ ഭാരമുള്ള മെഷീൻ ക്രെയിൻ ഉപയോഗിച്ചാണ് ഇറക്കിയത്. പ്ലാന്റ് നിർമ്മാണതിന് 2 കോടി രൂപ ചെലവ് വരും. എറണാകുളത്തുള്ള ഏജൻസിയാണ് നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിൽ 38 സ്ഥലത്ത് ഓക്‌സിജൻ പ്ലാന്റ് നിർമ്മിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വേറെ ഒരു മെഷീൻ കൂടി വന്നാൽ പ്ലാന്റിന്റെ പണി ആരംഭിക്കുമെന്ന് കരാർ തൊഴിലാളികൾ പറഞ്ഞു.