1
അമ്പലപുരം ദേശവിദ്യാലയത്തിൽ സ്‌പോക്കൺ ഇംഗ്ലീഷ് പഠനത്തിനെത്തിയ അമ്മമാർ.

വടക്കാഞ്ചേരി: വിദ്യാർത്ഥികൾക്കൊപ്പം അമ്മമാർക്കും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പകർന്നു നൽകി പുത്തൻ ചുവടുവെപ്പുമായി അമ്പലപുരം ദേശവിദ്യാലയം യുപി സ്‌കൂൾ. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അമ്മമാർക്ക് സൗജന്യ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ് എടുത്തു നൽകിയാണ് അധികൃതർ വേറിട്ട മാതൃക തീർക്കുന്നത്. ഇതിനായി മികച്ച പരിശീലകരുടെ സേവനവും ലഭ്യമാക്കി വരുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ പുസ്തകവും മറ്റുമെടുത്ത് വിദ്യാർത്ഥികൾക്ക് പകരം അമ്മമാർ സ്‌കൂളിലെത്തും.
വർത്തമാന കാലഘട്ടത്തിൽ വിശ്വഭാഷയായ ഇംഗ്ലീഷിന് സമസ്ത മേഖലയിലും വലിയ പ്രാധാന്യമുണ്ട്. സ്‌പോക്കൺ ക്ലാസുകളിൽ പങ്കെടുത്ത ശേഷം പല രക്ഷിതാക്കളുടെയും ആത്മവിശ്വാസം ഇരട്ടിയായിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയാതെ പല സാഹചര്യത്തിലും ബുദ്ധിമുട്ടുകയോ പരസഹായം തേടുകയോ ചെയ്യേണ്ടിവരാറുണ്ട്. എന്നാൽ ഇപ്പോൾ ആ ഭയമില്ലെന്ന് അമ്മമാരും ഒരേസ്വരത്തിൽ പറയുന്നു. സ്‌കൂൾ പ്രധാനാദ്ധ്യാപിക സതീദേവി, പി.ടി.എ കമ്മിറ്റിയംഗങ്ങൾ, മറ്റ് അദ്ധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമവും പദ്ധതിയെ കരുത്തുറ്റതാക്കുന്നു. അമ്പലപുരം ദേശവിദ്യാലയം മോഡൽ നാടും ഏറ്റെടുത്തതോടെ അത് പഠനരംഗത്തെ പുതുചരിത്രം കൂടിയായി മാറുകയാണ്. അവധിക്കാലങ്ങളിൽ കുട്ടികൾക്കായി പാട്ട്, നൃത്തം, തയ്യൽ, വിവിധ വാദ്യോപകരണങ്ങളുടെ പഠനം എന്നിവയും നടപ്പാക്കുന്നതിനും പദ്ധതിയുണ്ട്.

സാധാരണക്കാരായ നിരവധി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വിദ്യാർത്ഥികളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നുവരാനും പദ്ധതി മുഖേന വഴിയൊരുങ്ങും.
-ടി.എൻ ലളിത ടീച്ചർ
(സ്‌കൂൾ മാനേജർ)