 
ചാലക്കുടി: നിർമ്മാണം പൂർത്തിയാക്കി ഒന്നര വർഷം പിന്നിട്ട ചാലക്കുടിയിലെ ഇൻഡോർ സ്‌റ്റേഡിയം നഗരസഭയ്ക്ക് കൈമാറി. ജില്ലാ സ്‌പോർട്‌സ് കൗൺസിലാണ് നഗരസഭ സെക്രട്ടറി എം.എസ്. ആകാശിന് താക്കോൽ നൽകിയത്. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ അസി.എൻജിനിയർ എസ്. ശ്രീജിത്താണ് താക്കോൽ കൈമാറിയത്. ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർമാൻ സിന്ധു ലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.ബിജു ചിറയത്ത്, എം.എം. അനിൽകുമാർ, നീതാ പോൾ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, വി.ജെ.ജോജി തുടങ്ങിയവരും സന്നിഹിതരായി. 9.5 കോടി രൂപ ചിലവിൽ സംസ്ഥാന സ്‌പോർട്സ് കൗൺസിലാണ് നഗരസഭയുടെ സ്ഥലത്ത് ഇൻഡോർ സ്‌റ്റേഡിയം നിർമ്മിച്ചത്. കഴിഞ്ഞ എൽ.ഡി.എഫ്് ഭരണ സമിതിയാണ് ഇന്റോർ സ്‌റ്റേഡിയം നിർമ്മിച്ചത്. അന്നത്തെ മന്ത്രി ഇ.പി. ജയരാജൻ ഇതിന്റെ ഉദ്ഘാടനവും നിർവഹിച്ചു. എന്നാൽ പുതിയ ഭരണ സമിതി സ്റ്റേഡിയം തുറന്നു കൊടുക്കാത്തത് വിവാദമായി. ചെയർമാന്റെ ധാർഷ്ട്യത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ സ്റ്റേഡിയത്തിന് മുൻപിൽ പ്രതീകാത്മക ഷട്ടിൽ മത്സരവും നടത്തി.