കൊടുങ്ങല്ലൂർ: നഗരസഭയുടെ 2022- 23 വർഷത്തെ ബഡ്ജറ്റിനെക്കുറിച്ച് ബി.ജെ.പി ഉയർത്തിയ വിമർശനങ്ങൾ വസ്തുതകൾ മനസിലാക്കാതെയും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണെന്നും നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജയും വൈസ് ചെയർമാൻ കെ.ആർ. ജൈത്രനും ആരോപിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പാർപ്പിട പദ്ധതിക്ക് 1.71 കോടി രൂപ വകയിരുത്തിയത് ഇവർ കണ്ടില്ലെന്ന് നടിക്കുകയാണ്. മുൻകാലങ്ങളിൽ നൽകിയ പല വാഗ്ദ്ധാനങ്ങളും നടപ്പിലാക്കിയതിനാൽ ഒന്നു പോലും ആവർത്തിക്കാതെ പുതിയതും വർത്തമാന കാലത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതുമായ 48 നിർദ്ദേശങ്ങളാണ് ഇക്കുറി അവതരിപ്പിച്ചത്. ബൈപാസിൽ എലിവേറ്റഡ് ഹൈവേ നിർമ്മാണം നടത്തേണ്ടത് കേന്ദ്ര സർക്കാരാണ്. ജനങ്ങളുടെ പൊതുവായ താത്പര്യങ്ങൾക്ക് വിരുദ്ധമായി നഗരത്തിൽ നിന്ന് വടക്കോട്ട് മാറ്റി എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിന് ബി.ജെ.പി മറുപടി പറയണം. ബി.ജെ.പി കൗൺസിലർമാർക്ക് ഭൂരിപക്ഷമുള്ള ധനകാര്യ കമ്മിറ്റി ബഡ്ജറ്റ് അംഗീകരിച്ച ശേഷം ബഡ്ജറ്റിനെ വിമർശിക്കുന്ന നിലപാട് പരിഹാസ്യമാണ്. വയോജനങ്ങൾക്ക് റെജുവനേഷൻ സെന്ററുകൾ ആരംഭിക്കുന്നതും, ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നത് തടയാൻ സൂയിസൈഡ് പ്രിവൻഷൻ സെന്ററുകൾ, യുവാക്കൾക്കിടയിലെ മയക്കുമരുന്നിന്റെ ഉപയോഗം നിയന്ത്രിക്കാൻ സമഗ്രമായ പദ്ധതികളും ബഡ്ജറ്റിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണും പറഞ്ഞു.