കൊടുങ്ങല്ലൂർ: നഗരസഭയുടെ 2022- 23 വർഷത്തെ ബഡ്ജറ്റ് മേഖല തിരിച്ചുള്ള വികസന ഫണ്ട് വിനിയോഗിക്കുന്നതിൽ കഴിഞ്ഞ വർഷത്തേക്കാൾ പിന്നിലാണെന്നും ആയതിനാൽ ബഡ്ജറ്റ് പൂർണ പരാജയമാണെന്നും ബി.ജെ.പി ആരോപിച്ചു.
കുടിവെള്ളത്തിനായി പ്രായോഗിക നിർദ്ദേശമില്ല. പട്ടികജാതി വിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്താൻ വേണ്ട സംരംഭങ്ങൾ ഇല്ല. യുവാക്കൾക്ക് വേണ്ടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവർക്ക് കായികമായും മാനസികമായ ഉയർച്ചയ്ക്ക് വേണ്ടിയുള്ള പദ്ധതികളും ബഡ്ജറ്റിൽ ഇടം പിടിച്ചില്ലെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.
ടൂറിസം, പരമ്പരാഗത തൊഴിൽ മേഖല, മത്സ്യ മേഖല എന്നിവയെയും പരിഗണിച്ചില്ല. ഉദ്ഘാടന മാമാങ്കം നടത്തിയ സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുന്നതിനും, മറ്റു സ്റ്റാഫുകളെ നിയമിക്കുന്നതിനും വേണ്ട നിർദ്ദേശങ്ങളും മുന്നോട്ടുവച്ചില്ല. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ട ചികിത്സാ സൗകര്യം ഒരുക്കുന്നതിനുള്ള യാതൊരു നിർദേശവും ഇല്ലാത്ത ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ടി.എ. സജീവൻ പറഞ്ഞു.