 
കൊരട്ടിയെ വയോജന ഭിന്നശേഷി ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ നിർവഹിക്കുന്നു.
കൊരട്ടി: കൊരട്ടിയെ വയോജന ഭിന്നശേഷി ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ 25-ാ0 വാർഷികാഘോഷത്തിന്റെ ഭാഗമായിരുന്നു പ്രഖ്യാപനം. സൗഹൃദ പ്രഖ്യാപന ഉദ്ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമടത്തിൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷത വഹിച്ചു.
വയോജന സൗഹൃദത്തിന്റെ ഭാഗമായി എല്ലാ വാർഡുകളിലും അംഗൻവാടികൾ കേന്ദ്രീകരിച്ച് വയോജന ക്ലബുകൾ, പഞ്ചായത്തിൽ 3 വയോജന പകൽ വീടുകൾ, കട്ടപ്പുറത്ത് സുവർണ സായാഹ്ന പദ്ധതി, പഞ്ചായത്തിൽ അപേക്ഷിച്ച യോഗ്യരായ 3306 പേർക്ക് വർദ്ധക്യകാല പെൻഷൻ, വിധവകൾക്ക് 1296 പെൻഷൻ, 50 കഴിഞ്ഞ അവിവാഹിതരായ 126 സ്ത്രീകൾക്ക് പെൻഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 29 അംഗൻവാടികൾക്കും ശിശു സൗഹ്യദ സൗകര്യം ഒരുക്കി. അംഗൻവാടികളിൽ ശിശു സൗഹൃദ ചിത്രങ്ങൾ, ടെലിവിഷൻ, വാട്ടർ പ്യൂരിഫയർ സംവിധാനം എന്നിവയും സജ്ജമാക്കി. 22 വൃക്കരോഗികൾക്ക് പഞ്ചായത്തിൽ ഡയാലിസിസിന് സാമ്പത്തിക സഹായം നൽകി. കിലയുടെ സഹകരണത്തോടെ ഡോ.കാളിദാസ്, കെ.വി. ശ്രീധരൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ പൂർത്തികരിച്ചത്.
കില ഫാക്കൽറ്റി അംഗം കെ.വി.ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.കെ. ആർ. സുമേഷ്, കുമാരി ബാലൻ, നൈനുറിച്ചു, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പെരെപ്പാടൻ, പി.ജി. സത്യപാലൻ, പഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ, കുടുംബശ്രീ ചെയർപേഴ്‌സൺ സ്മിത രാജേഷ്, ഐ.സി.സി.എസ് സൂപ്പർവൈസർ സൗമ്യ പോൾ എന്നിവർ പ്രസംഗിച്ചു.