1

തൃശൂർ: തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് മന്ത്രി കെ. രാജൻ നിർവഹിക്കും. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ടി.വി. ചന്ദ്രൻ, ഡോ. ബിജു, പ്രിയനന്ദനൻ, ഐ.എഫ്.എഫ്.ടി ഫെസ്റ്റിവൽ ഡയറക്ടർ പ്രേമേന്ദ്ര മഞ്ജുംദാർ, ചലച്ചിത്ര അക്കാഡമിയിലെ ഫിലിം സൊസൈറ്റി പ്രതിനിധി പ്രകാശ് ശ്രീധർ, എഫ്.എഫ്.എസ്.ഐ സെക്രട്ടറി കെ.ജി. മോഹൻകുമാർ, ഡോ. കെ. ഗോപിനാഥൻ, ഐ. ഷൺമുഖദാസ്, ഡോ. രാജേഷ് എം.ആർ, ഡോ. സി.എസ്. ബിജു, മോഹൻ പോൾ കാട്ടുക്കാരൻ തുടങ്ങിയവർ സംബന്ധിക്കും.
മൂന്നാം എഫ്.എഫ്.എസ്.ഐ വിജയ് മുലെ അവാർഡ് ഇന്ത്യയിലെ പ്രമുഖ ഫിലിം സൊസൈറ്റി പ്രവർത്തകനും സിനിമാ ചലച്ചിത്രകാരനും, ക്യുറേറ്ററുമായ അമൃതു ഗംഗറിന് മേയർ എം.കെ. വർഗീസ് സമ്മാനിക്കും. ഉദ്ഘാടനസിനിമ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി'യുടെ പ്രദർശനം തുടർന്ന് നടക്കും.


ആദ്യദിനം മനം കവർന്ന് ' എ ഹീറോ'

2021ലെ കാൻ ഫിലിംഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് നേടിയ 'എ ഹീറോ' എന്ന അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ഇറാൻ ചിത്രമായിരുന്നു ആദ്യദിനം മേളയെ കൈയിലെടുത്തത്. കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനാകാത്തതിനാൽ ജയിലിൽ നിന്ന് പരോളിൽ വന്ന റഹിം തനിക്കെതിരെയുള്ള പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളും അനന്തര സംഭവവികാസങ്ങളുമാണ് ഇതിവൃത്തം.
നഗരവത്കരണം പ്രാദേശിക കലാരൂപങ്ങളെ എങ്ങനെ ബാധിച്ചുവെന്നതിന്റെ നേർചിത്രമായ സാഗർ പുരാണിക് സംവിധാനം ചെയ്ത കന്നഡ ചിത്രം 'ദൊല്ലു' വും വെള്ളിയാഴ്ച പ്രേക്ഷകരെ ആകർഷിച്ചു. കഴിഞ്ഞ വർഷം ഏറ്റവും മികച്ച കന്നഡ ചിത്രത്തിനുള്ള ദാദാ ഫാൽക്കേ അവാർഡ് നേടിയ ചിത്രമാണിത്.
സമകാലിക രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതായി ഡോ. ബിജു സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 'ദ പോർ്ര്രേട്രയ്‌സ്' എന്ന സിനിമ. ഒന്നിലേറെ ചെറുചിത്രങ്ങൾ ചേർത്തുവച്ച സിനിമയാണിത്.