പാവറട്ടി: എളവള്ളി പഞ്ചായത്തിലെ ഒമ്പതാം വാർഡിലുണ്ടായിരുന്ന വിളക്കത്തല കുടിവെള്ള പദ്ധതി പുനരുദ്ധാരണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുത്തു. 25 കുടുംബങ്ങൾക്കായി 20 വർഷം മുമ്പാണ് വിളക്കത്തല കുടിവെള്ള പദ്ധതി ആരംഭിച്ചത്. കൂടുതൽ കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളായതോടെയാണ് ടാങ്കിന്റെ ഉയരവും വ്യാപ്തിയും വർദ്ധിപ്പിച്ചത്. പദ്ധതിക്കായി നാല് ലക്ഷം രൂപയാണ് എളവള്ളി പഞ്ചായത്ത് വകയിരുത്തിയത്. മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന വൈദ്യുതി ബിൽ ഗുണഭോക്താക്കൾ അടയ്ക്കും. ടാങ്കിനും മോട്ടോർ പുരയ്ക്കും വേണ്ടിയുള്ള സ്ഥലം സൗജന്യമായി സമീപവാസികളായ ഹംസ, ഷെറീഫ എന്നിവരാണ് വിട്ടു നൽകിയത്. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർമാൻ കെ.ഡി. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ബിന്ദു പ്രദീപ്, ടി.സി. മോഹനൻ, എൻ.ബി. ജയ, സൗമ്യ രതീഷ്, ഷാലി ചന്ദ്രശേഖരൻ, രാജി മണികണ്ഠൻ, സനിൽ കുന്നത്തുള്ളി, സീമ ഷാജു എന്നിവർ പ്രസംഗിച്ചു.