
തൃശൂർ: പാലക്കാട്ടെ ജനവാസകേന്ദ്രമായ ധോണിയിൽ ഭീതി പടർത്തിയ പുലിയെ പിടികൂടിയതിന് പിന്നാലെ ഇരിങ്ങാലക്കുടയിലും കോലഴിയിലും പുലിയെ കണ്ടെന്ന അഭ്യൂഹം ശക്തമാകുമ്പോൾ, വന്യജീവികൾ നഗരങ്ങളിലും കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തം. കാടിനോട് ചേർന്നുള്ള അതിരപ്പിള്ളി - ചിമ്മിനി - വാഴാനി മേഖലകളിലെ ജനവാസകേന്ദ്രങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം പതിറ്റാണ്ടുകളായുണ്ട്.
എന്നാൽ എന്തുകൊണ്ട് നഗരങ്ങളിലേയ്ക്ക് എത്തുന്നുവെന്നതിന് നിരവധി കാരണങ്ങൾ ശാസ്ത്രജ്ഞരും വനംവകുപ്പ് അധികൃതരും നിരത്തുന്നുണ്ടെങ്കിലും പ്രതിരോധ നടപടികളിലേക്ക് കടക്കുന്നില്ല. കഴിഞ്ഞദിവസം പുലർച്ചെ കോലഴി പഞ്ചായത്തിലെ തിരൂർ പുത്തൻമഠംകുന്ന് ശങ്കരഞ്ചിറ മാട്ടുകുളം റോഡിലാണ് പുലിയോട് സാമ്യമുള്ള ജീവി നടന്നുപോകുന്നത് കണ്ടത്. പ്രദേശവാസി ചിറ്റിലപ്പിള്ളി ജോർജ് പറമ്പിൽ സ്ഥാപിച്ച കാമറയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവി നടന്നുനീങ്ങുന്ന ദൃശ്യം പതിഞ്ഞത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. പൂമല ഭാഗത്ത് വനപ്രദേശങ്ങളുണ്ട്. അവിടെ നിന്നാണോ എത്തിയതെന്നാണ് സംശയം. തണുപ്പ് അനുഭവപ്പെടുന്ന മേഖലയിൽ പുലികൾ വിശ്രമിക്കാനിടയുണ്ടെന്ന് വനം വകുപ്പ് പറയുന്നു. ഇവിടെ പലയിടത്തും അടിക്കാടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ ആടുമാടുകളെ മേയ്ക്കാൻ ഈ പരിസരങ്ങളിലെത്താറുമുണ്ട്. കഴിഞ്ഞ കുറേ ആഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലികളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ ഇരിക്കുന്ന കുരങ്ങിനെ പിടിക്കാൻ കയറിയപ്പോൾ വീണാണ് പുലി ചത്തതെന്നായിരുന്നു നിഗമനം.
ഇരകളെത്തേടി...
ഇരകൾ ധാരാളമുള്ളതുമായ പ്രദേശങ്ങളാണ് പുലികൾക്ക് പ്രിയം. അത്തരം സ്ഥലങ്ങളിലാണ് അവ പ്രസവിക്കുന്നതെന്നും പറയുന്നു. പാലക്കാട് ഉമ്മിനിയിൽ ജനവാസ മേഖലയിലാണ് പുലി പ്രസവിച്ച് കിടന്നിരുന്നത്. ഇവിടെ നിന്ന് ഒരു പുലിക്കുട്ടിയെ അകമലയിലെ വെറ്ററിനറി ക്‌ളിനിക്കിലെത്തിച്ചിരുന്നു. കഴിഞ്ഞദിവസം അത് ചത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പരിസരത്ത് കഴിഞ്ഞ ഡിസംബറിൽ പുലിയുടെ സാന്നിദ്ധ്യമുണ്ടെന്ന അഭ്യൂഹമുണ്ടായിരുന്നു. രണ്ട് സംഘം വനപാലകരെത്തി അന്വേഷണം നടത്തി.
പുലിയിറക്കത്തിന്റെ കാരണങ്ങൾ
നായ, ആട്, പശു, കോഴി തുടങ്ങിയ വളർത്തുമൃഗാദികളെ പിടികൂടി ഭക്ഷണമാക്കാൻ
തെരുവുകളിൽ മാലിന്യം കൂടുമ്പോൾ നായ്ക്കൾ വർദ്ധിക്കുന്നതോടെ പുലികൾ പിടികൂടാനെത്തും.
കാട്ടിലെ മൃഗങ്ങളേക്കാൾ നാട്ടിലുള്ളവയെ പിടിക്കാൻ എളുപ്പം, നായ്ക്കളുടെ മാംസത്തോടുള്ള താൽപര്യം
മുൻകരുതലുകൾ:
കാടിറങ്ങുന്ന മൃഗങ്ങളെ പിടികൂടാനും സംരക്ഷിക്കാനുമുള്ള ആധുനികസംവിധാനം സജ്ജമാക്കണം.
വീടുകളിൽ വളർത്തുനായ്ക്കളെ കൂട്ടിനുള്ളിൽ സുരക്ഷിതമായി പാർപ്പിക്കണം
കുറ്റിക്കാടുകളും അടിക്കാടുകളും വെട്ടിക്കളഞ്ഞ് വഴിവിളക്കുകൾ തെളിക്കണം
ജനവാസകേന്ദ്രങ്ങളിലേക്ക് പുലി അടക്കമുള്ള വന്യമൃഗങ്ങളെത്തുന്നത് സംബന്ധിച്ച് വിശദമായ പഠനം വേണം. കാരണങ്ങൾ വ്യക്തമായി പഠിക്കാതെ നിഗമനങ്ങളിലെത്താനാവില്ല.
ഡോ.ടി.വി.സജീവ്
പ്രിൻസിപ്പൽ സയന്റിസ്റ്റ്
വനഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്, പീച്ചി.