പഴയന്നൂർ: ഇരുപതോളം പുതിയ പദ്ധതികളുമായി പഴയന്നൂർ പഞ്ചായത്തിന്റെ സമ്പൂർണ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രമ്യ വിനീത് ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് പി.കെ. മുരളീധരൻ അദ്ധ്യക്ഷനായി. 47.62 കോടി വരവും 46.96 കോടി ചെലവും 66.08 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

പൊതുഇടങ്ങളിൽ വാട്ടർ കിയോസ്‌ക്, എളനാട്ടിൽ പുതിയ ബസ് സ്റ്റാൻഡ്, ടൗൺ കുടിവെള്ള വിതരണ വിപുലീകരണം, എളനാട് ജി.യു.പി സ്‌കൂളിന് പുതിയ കെട്ടിടം, പാടശേഖരങ്ങൾക്ക് ജലസേചന പദ്ധതി, വനിതകൾക്ക് സ്‌കൂട്ടർ എന്നിങ്ങനെയുള്ള പദ്ധതികൾ ബഡ്ജറ്റിലുണ്ട്.

നെൽക്കൃഷി 70 ലക്ഷം, ക്ഷീരവികസനം 25 ലക്ഷം, പരിസ്ഥിതി മണ്ണ് ജലസംരക്ഷണം 84 ലക്ഷം, ശുചിത്വം 65 ലക്ഷം, പട്ടികജാതി പട്ടികവർഗ ക്ഷേമത്തിന് 12 ലക്ഷം, എന്നിങ്ങനെ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ബഡ്ജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷമായ സി.പി.എം കുറ്റപ്പെടുത്തി.