mmmmഅവശരായ തിലകരാജനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു.

അന്തിക്കാട്: ആരും തുണയില്ലാതെ വീട്ടിൽ അവശനിലയിൽ കഴിഞ്ഞിരുന്ന വൃദ്ധ ദമ്പതികളെ അന്തിക്കാട് പൊലീസെത്തി ആശുപത്രിയലേക്ക് മാറ്റി. അന്തിക്കാട് വള്ളൂർ സെറ്റിൽമെന്റ് കോളനിക്ക് സമീപം കുറുവത്ത് വീട്ടിൽ തിലകരാജൻ (70), ഭാര്യ ഇന്ദിര (68) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ അത്യാസന്ന നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് അന്തിക്കാട് എ.എസ്.ഐ എം.കെ. അസീസ്, സിവിൽ പൊലീസ് ഓഫീസർമാരായ
വി.എം. സുർജിത്ത്, സാബു, വാർഡ് അംഗം മിനി ആന്റോ, ആശാവർക്കർ വി.വി. ഹേമ, എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. തിലകരാജൻ സ്‌ട്രോക്ക് വന്നതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലാണ്. ഭാര്യ ഇന്ദിര ഹൃദ്രോഗിയാണ്.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഇവർ നാളുകളായി ഒറ്റക്കാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇവരെ പുറത്തേക്ക് കാണാത്തതിനാൽ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കയറി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശരീരം തളർന്ന തിലകരാജൻ കട്ടിലിനിടയിൽ തല കുരുങ്ങി ചോര വാർന്ന് കിടക്കുകയായിരുന്നു. ഭാര്യ ഇന്ദിര മറ്റൊരു മുറിയിൽ അബോധവസ്ഥയിൽ കിടക്കുകയായിരുന്നു. ഇവരുടെ രണ്ട് ആൺമക്കളിൽ ഒരാൾ ദുബായിലും, മറ്റൊയാൾ ഖത്തറിലുമാണ് താമസിക്കുന്നത്. ഇരുവരും വിവാഹിതരാണെങ്കിലും മാതാപിതാക്കള നോക്കാൻ ഇവരാരും തയ്യാറാകുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

മാതാപിതാക്കളെ സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്താൻ മക്കൾ തയ്യാറായില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.