naya

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചക്കാലം ജനങ്ങളുടെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തിയിരുന്ന പേ നായ ഒടുവിൽ പിടിയിലായി. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെ 45 ഓളം പേരെയാണ് വിവിധ സ്ഥലങ്ങളിലായി പേ നായ കടിച്ച് മുറിവേൽപ്പിച്ചത്. എറിയാട് പഞ്ചായത്ത്, കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി, എടവിലങ്ങ്, ശ്രീനാരായണപുരം എന്നിവടങ്ങളിലുള്ളവർ പേനായയുടെ തേരോട്ടത്തിൽ ആശുപത്രിയിലായി. ഈ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും കരുതുന്നു. വെള്ളിയാഴ്ച രാത്രിയാണ് സിന്ധു ബാറിന് എതിർവശമുള്ള നജു ഇസ്മയിലിന്റെ വീട്ടുവളപ്പിലെ മതിൽകെട്ടിനുള്ളിൽ നിന്ന് നായയെ തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തർ പിടികൂടിയത്. ഒരാഴ്ചയായി പേനായയെ തേടി പലയിടങ്ങളിലും തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ ടീച്ചർ, വാർഡ് കൗൺസിലർ പരമേശ്വരൻ കുട്ടി, കൗൺസിലർമാരായ അഡ്വ. വി.എസ്. ദിനൽ, രവീന്ദ്രൻ നടുമുറി, ഫ്രാൻസിസ് ബേക്കൺ, ചന്ദ്രൻ കളരിക്കൽ, പ്രതിപക്ഷനേതാവ് ടി.എസ്. സജീവൻ എന്നിവർ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.