ചാലക്കുടി: ബെന്നി ബെഹന്നാൻ എം.പി ആവിഷ്‌കരിച്ച 'ഒപ്പമുണ്ട് എം.പി' പദ്ധതിയുടെ രണ്ടാം ഘട്ടമായ തിമിരമുക്ത ദൗത്യം ജ്യോതിർ ഗമയക്ക് ഏപ്രിൽ രണ്ടിന് തുടക്കമാകും. ചാലക്കുടി പാർലമെന്റ് മണ്ഡലത്തെ തിമിരമുക്തമാക്കുന്ന പദ്ധതിയാണ് ആദ്യം നടപ്പാക്കുന്നത്.
മമ്മൂട്ടിയുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ എസ്.എൻ ഹാളിലാണ് സൗജന്യമായി കണ്ണു പരിശോധന നടത്തുന്നതെന്ന് ബെന്നി ബെഹന്നാൻ എം.പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആവശ്യമുള്ളവർക്ക് അങ്കമാലി ആശുപത്രിയിൽ ചികിത്സയും ശസ്ത്രക്രിയയും സൗജന്യമായിരിക്കും. രാവിലെ 8.30ന് രജിസട്രേഷൻ ആരംഭിക്കും. തുടർന്ന് വൈകീട്ട് നാലുവരെ കണ്ണു പരിശോധന നടക്കും. മണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികൾ മുഖേന അപേക്ഷിക്കാം. സ്‌പോട്ട് രജിസ്‌ട്രേഷനും നടക്കും.
ആദിവാസി മേഖലകളിൽ നിന്നുള്ളവർക്ക് ക്യാമ്പിലെത്താൻ സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തും. കൂടുതൽ വിവരം 0484 2452700 എന്ന നമ്പറിൽ നിന്നും ലഭിക്കും. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ കൗൺസിലർ എബി ജോർജ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.