ചാലക്കുടി: നിർമ്മാണം പൂർത്തീകരിച്ച നഗരസഭയുടെ ഇൻഡോർ സ്‌റ്റേഡിയം ഇത്രയുംകാലം പൂട്ടിയിട്ട നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ. സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് മുഖേനെ നഗരസഭയ്ക്കായി മികച്ച നിലവാരത്തിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒന്നര വർഷമായി. എന്നാൽ ഇതുവരെയും സ്റ്റേഡിയം തുറന്നു കൊടുക്കാത്തത് മുടന്തൻ ന്യായം നിരത്തിയാണെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.

എൽ.ഡി.എഫ് ഭരണസമിതിയുടെ നേട്ടം അംഗീകരിക്കാൻ കഴിയാത്തത് ചെയർമാന്റെ ഇടുങ്ങിയ ചിന്താഗതിയാണ്. സ്റ്റേഡിയത്തിൽ വുഡ് കോർട്ട് നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കാമെന്ന് അന്നത്തെ എം.എൽ.എയ്ക്ക് കായിക വകുപ്പ് ഉറപ്പ് നൽകിയിരുന്നു. ഇതിനായി നൽകിയ അപേക്ഷയിൽ ഇതുവരെയും തുടർ നടപടികളുണ്ടായില്ല. യഥാർത്ഥ്യം ഇതായിരിക്കെ ചെയർമാൻ നിരത്തുന്ന വാദങ്ങളെല്ലാം പൊള്ളയാണെന്നും എൽ.ഡി.എഫ് ആരോപിച്ചു.

സ്റ്റേഡിയത്തിന്റെ നടത്തിപ്പിനായി ബൈലോ പോലും തയ്യാറാക്കാതെ അദ്ദേഹം തന്നിഷ്ടപ്രകാരം ഒരു സംഘടനയുടെ മത്സരത്തിനായി തുറന്നു കൊടുത്തിരുന്നു. കലാഭവൻ മണി സ്മാരക പാർക്കിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, വി.ജെ. ജോജി, ബിജി സദാനന്ദൻ, കെ.എസ്. സുനോജ്, ഷൈജ സുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.