പുതുക്കാട് : ഇനി മുതൽ ദേശീയ പാതയിൽ അറുപത് കിലോമീറ്ററിൽ ഒരു ടോൾ പ്ലാസയേ ഉണ്ടാകുകയുള്ളൂവെന്നും അധികമായത് മൂന്ന് മാസത്തിനുള്ളിൽ ഇല്ലാതാക്കുമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ പാലിയേക്കര ടോൾ പ്‌ളാസ നിറുത്തലാക്കാൻ കരാറിലെ ഒരു കക്ഷികൂടിയായ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പൊതുമരാമത്ത് മന്ത്രി, മുഹമ്മദ് റിയാസ്, റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ, പൊതുമരാമത്ത് സെക്രട്ടറി , കളക്ടർ എന്നിവർക്ക് കത്ത് ്‌നൽകി. പാലിയേക്കര ടോൾ പ്ലാസ ആരംഭിച്ച് പത്ത് വർഷം പൂർത്തിയായതും, പദ്ധതി തുകയിൽ കൂടുതൽ പിരിച്ചെടുത്തതും പാലിയേക്കര ടാൾ പ്ലാസ നിർത്തലാക്കണമെന്ന ആവശ്യത്തിന് അനുകൂല ഘടകമാണ്. ഇപ്പോൾ മണ്ണുത്തി വടക്കാഞ്ചേരി ദേശീയപാതയിൽ ആരംഭിച്ച ടോൾ പ്ലാസ പാലിയേക്കരയിൽ നിന്നും നാൽപ്പത് കിലോമീറ്ററിൽ താഴെയാണ് .