mobile

തൃശൂർ: സ്വർണ്ണവും പണവുമൊന്നുമല്ല; തട്ടിപ്പുകാർ ഇപ്പോൾ ഏറെയും കണ്ണുവെയ്ക്കുന്നത് ആൻഡ്രോയ്ഡ് മൊബൈലുകളിൽ. ഓൺലൈനിൽ മാത്രമല്ല; റോഡിലും വിലസുന്നു, പട്ടാപ്പകൽ പോലും. ഇരകളാകുന്നതിലേറെയും സ്ത്രീകളും പെൺകുട്ടികളും.
തൃശൂർ നഗരത്തിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം ഇങ്ങനെ: കോളേജ് വിദ്യാർത്ഥിനി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, ഒരാൾ വന്നുപറഞ്ഞു: 'മോളേ, ഭാര്യ ഇവിടെയെത്താമെന്നു പറഞ്ഞിരുന്നു. ഇതുവരെയും എത്തിയില്ല. ആ മൊബൈൽഫോൺ തരുമോ, കോൾ വിളിക്കാനാണ് '
അത്യാവശ്യകാര്യത്തിനല്ലേയെന്ന് കരുതി, അയാൾ നൽകിയ നമ്പറിലേക്ക് പെൺകുട്ടി തന്നെ ഡയൽ ചെയ്തു. എന്നിട്ട് സംസാരിക്കാനായി കൈമാറി. റേഞ്ച് കുറവാണെന്ന മട്ടിൽ പെൺകുട്ടി നിന്നിടത്തുനിന്നും അൽപ്പം നീങ്ങി സംസാരിക്കാൻ തുടങ്ങി. മറുഭാഗത്തുനിന്നും സംസാരിക്കുന്നത് കേൾക്കാനില്ലെന്ന മട്ടിൽ, അയാൾ ഉറക്കെ ഹലോ, ഹലോ എന്ന് സംസാരിച്ച് ദൂരേയ്ക്ക് മാറി ക്ഷണനേരം കൊണ്ട് മുങ്ങി. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ പെൺകുട്ടി പൊട്ടിക്കരഞ്ഞു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥൻ കാര്യങ്ങൾ തിരക്കി, കൺട്രോൾ റൂമിൽ അറിയിച്ചു. നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരിലേക്കും സന്ദേശം കൈമാറി. ഗവർണറുടെ സന്ദർശനം കണക്കിലെടുത്ത്, നഗരത്തിൽ കൂടുതൽ പൊലീസുകാരുണ്ടായിരുന്നു. കുറുപ്പം റോഡ് ജംഗ്ഷനിൽ ഡ്യൂട്ടിചെയ്തിരുന്ന ചേലക്കര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിദാസ്, മുന്നിലൂടെ ഒരാൾ മൊബൈൽ ഫോൺ കടയിലേക്ക് പോകുന്നത് ശ്രദ്ധിച്ചു. കൺട്രോൾ റൂമിൽ നിന്നും അറിയിച്ച പ്രകാരമുള്ള രൂപസാദൃശ്യമുള്ളയാളാണെന്ന് മനസിലാക്കി. കബളിപ്പിച്ച് കൈക്കലാക്കിയ മൊബൈൽഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. സിം കാർഡ് ഊരിമാറ്റി, സെക്കൻഡ് ഹാൻഡ് മൊബൈൽ വിൽപ്പന നടത്തുന്ന കടയിൽ കൊണ്ടുപോയി വിൽക്കാനായിരുന്നു ലക്ഷ്യം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഇയാളെ നിരീക്ഷിച്ചു. മൊബൈൽ കടകളിൽ കയറിയിറങ്ങുന്നത് കണ്ട് സംശയം തോന്നി, പിടികൂടി മൊബൈൽ ഫോൺ കണ്ടെടുത്ത് പെൺകുട്ടിക്ക് കൈമാറി.

സുരക്ഷയ്ക്കുള്ള ബി സേഫ് ആപ് മൂന്നാം വർഷത്തിലേക്ക്

സൈബർ സുരക്ഷയ്ക്കായി കേരള പൊലീസ് സൈബർഡോം വികസിപ്പിച്ചെടുത്ത ബി സേഫ് ആപ് മൂന്നാംവർഷത്തിലേക്ക്. ഓൺലൈൻ തട്ടിപ്പുകൾ, വ്യാജ ഫോൺകാളുകൾ എന്നിവ തടയാൻ സ്പാം കോൾ അലേർട്ട് ഉൾപ്പെടയുള്ള ഫീച്ചറുകളുമായി തുടക്കം കുറിച്ച ബി സേഫ് ആപ്, ലോക്ക് ഡൗൺ കാലയളവിൽ ഇ പാസ് വിതരണത്തിലൂടെ ഏറെ ഉപകാരപ്രദമായിരുന്നു.

നാല് സവിശേഷതകൾ കൂടി

ബി സ്‌കാൻ : ഇതര ആപ്പുകളുടെ സുരക്ഷയും അവ ആവശ്യപ്പെടുന്ന പെർമിഷനും പരിശോധിക്കുന്നു. പ്ലേ സ്റ്റോറിലുള്ള രണ്ടു ലക്ഷത്തോളം ആപ്പുകളെ സൂചികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബി സേഫ് ടോക്ക്‌സ് : സൈബർ തട്ടിപ്പുകളെയും, സൈബർ സുരക്ഷാ വിഷയങ്ങളെയും കുറിച്ചുള്ള പ്രതിമാസ വെബിനാറുകൾ ആപ്പ് വഴി ലഭ്യമാക്കുന്നു.
ഇ ബുക്ക് സേഫ് ഇൻ സൈബർ സ്‌പേസ്: സൈബർ സേഫ്റ്റി അവെയർനസ് ഹാൻഡ്ബുക്കിന്റെ ഇ ബുക്ക് പതിപ്പ് ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.
ബി സേഫ് റിസോഴ്‌സ് : പൊതുജനങ്ങൾക്ക് സൈബർ സുരക്ഷ അവബോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് പവർ പോയിന്റ്, പി.ഡി.എഫ് പ്രെസെന്റേഷനുകൾ