തെരുവുനായ്ക്കൾക്കെതിരെ നടപടിയുമായി കൊടുങ്ങല്ലൂർ നഗരസഭ
 
കൊടുങ്ങല്ലൂർ: നഗരസഭ പ്രദേശത്ത് ആളുകളെ കടിച്ച തെരുവുനായ മറ്റു നായകളെയും വളർത്തു മൃഗങ്ങളെയും കടിച്ച സാഹചര്യത്തിലും ലക്ഷക്കണക്കിന് ഭക്തജനങ്ങൾ മീനഭരണിയോടനുബന്ധിച്ച് നഗരത്തിൽ എത്തിച്ചേരുന്നതിനാലും അടിയന്തര നടപടിയെടുക്കാൻ നഗരസഭ അധികൃതർ വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. കടിയേറ്റ നായകളിൽ നിന്ന് കൂടുതൽ നായകളിലേക്കും ജനങ്ങളിലേക്കും രോഗവ്യാപനമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഷീല പണിക്കശ്ശേരി, പ്രതിപക്ഷനേതാവ് ടി.എസ്. സജീവൻ, സീനിയർ വെറ്ററിനറി സർജൻ സന്തോഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി. ഉണ്ണികൃഷ്ണൻ, ഐ.എം. എ പ്രതിനിധികളായ ഡോ. നാസർ, ഡോ. കെ.എസ്. ഷെല്ലി, അഡ്വ. എം.കെ. അനൂപ്, സി.എസ്. സുമേഷ്, പരമേശ്വരൻ കുട്ടി എന്നിവർ പങ്കെടുത്തു. അടിയന്തര ഘട്ടങ്ങളിലെ സഹായത്തിനായി രണ്ടാഴ്ചക്കാലത്തേക്ക് 7592995064 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
 
പ്രധാന നിർദ്ദേശങ്ങൾ
	- കടിയേറ്റ പ്രദേശത്തുള്ള അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ വിദഗ്ദ്ധരെ ഉപയോഗിച്ച് പിടിച്ച് സുരക്ഷിത സ്ഥലത്ത് സംരക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യും.
- നായ്ക്കളെ വളർത്തുന്നവർ നിർബന്ധമായും നഗരസഭയിൽ നിന്ന് ലൈസൻസ് എടുത്തിരിക്കണം.
- തെരുവകളിൽ ജീവിക്കുന്ന നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവർ അവയെ അവരുടെ വീടുകളിൽ സംരക്ഷിക്കുകയും ലൈസൻസെടുക്കുകയും ചെയ്യണം. അല്ലാത്തപക്ഷം അവർക്കെതിരെ നടപടി സ്വീകരിക്കും.
- വളർത്തു നായ്ക്കൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. ഇതിനാവശ്യമായ മരുന്ന് മൃഗാശുപത്രിയിൽ ലഭ്യമാക്കും.
- നായയുടെ കടിയേറ്റവർ പെട്ടെന്നുതന്നെ വിഷബാധക്കെതിരെ കുത്തിവയ്പ്പ് നടത്തണം. ഇതിനാവശ്യമായ മരുന്ന് താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കും.
- വളർത്തു മൃഗങ്ങൾക്ക് കടിയേറ്റാൽ ഉടനെ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
- അടുത്ത ആഴ്ചകളിൽ കുട്ടികളെ വീടിന് പുറത്തേയ്ക്ക് വിടുമ്പോഴും പ്രഭാത സായാഹ്ന സവാരിക്കു പോകുന്നവരും കൂടുതൽ ജാഗ്രത പാലിക്കണം.
- രാത്രി സമയത്തുള്ള യാത്ര പരമാവധി ഒഴിവാക്കുക.
- ആരോഗ്യ പ്രവർത്തകരും, ആശാ പ്രവർത്തകരും കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തും.