sachi

തൃശൂർ : വർഗീയ ചിന്ത വേരുപിടിച്ച നാടായി കേരളം മാറിയെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ പറഞ്ഞു. സാംസ്‌കാരിക ഉന്നത സമിതി സംഘടിപ്പിക്കുന്ന തേക്കിൻകാട് ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ നടന്ന സ്വാതന്ത്ര്യാനന്തര കേരളവും സാംസ്‌കാരിക മുന്നേറ്റവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിദാനന്ദൻ.

കേരളീയർ ജന്മനാ സാർവദേശീയരാണ്. ഇത്രമാത്രം വൈദേശികവും ദേശീയവുമായ ഭാഷകളെ സ്വാംശീകരിച്ച മറ്റൊരു ഭാഷയില്ല. കേരളീയരെ നിർവചിക്കുന്നതിൽ ഓണ സങ്കല്പം വലിയ പങ്കുവഹിച്ചിട്ടുണ്ട്. വാമന ജയന്തിയായിട്ടല്ല, മഹാബലിയുടെ എതിരേൽപ്പായിട്ടാണ് നാം ഓണത്തെ കണക്കാക്കുന്നത്. നമ്മുടെ സ്വത്വത്തെ രൂപപ്പെടുത്തുന്ന ഒന്നാണ് ഓണം.
ചവിട്ടിത്താഴ്ത്തപ്പെട്ടവരുടെയും സമത്വം സ്വപ്നം കാണുന്നവരുടെയും നാടാണ് കേരളമെന്ന് ഓണസങ്കൽപ്പം നമ്മെ ഓർമ്മിപ്പിക്കുന്നു. ബഹിഷ്‌കൃതന്റെയും അപഹസിക്കപ്പെട്ടവന്റെയും ഓർമ്മ പുതുക്കലിലൂടെയാണ് നാം സമത്വചിന്തയെ ശക്തിപ്പെടുത്തുന്നത്.

വാമനനെയല്ല മഹാബലിയെയാണ് നാം ആരാധിക്കുന്നത് എന്നത് ഇന്ത്യയുടെ മുഖ്യധാരയിൽ നിന്ന് നാം എങ്ങനെ വ്യത്യസ്തരാകുന്നു എന്ന് വിളിച്ചു പറയുന്നുണ്ട്. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.എം.എൻ.വിനയകുമാർ, ജലീൽ ടി.കുന്നത്ത്, ഡോ.പ്രഭാകരൻ പഴശ്ശി എന്നിവർ സംസാരിച്ചു.