building

ചാലക്കുടി: അതിരപ്പിള്ളി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് സുരക്ഷിതമായ വിശ്രമം എന്ന ലക്ഷ്യം മുൻനിറുത്തി വിനോദ സഞ്ചാര വകുപ്പ് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം അനാഥാവസ്ഥയിൽ. നഗരസഭാ പരിധിയിൽ കോസ്മോസ് ക്ലബ്ബിനടുത്ത് നിർമ്മിച്ച കെട്ടിടമാണ് അഞ്ച് വർഷമായി വെറുതെ കിടക്കുന്നത്.

വിനോദ സഞ്ചാരികൾക്ക് വിശ്രമം, ടോയ്‌ലെറ്റ് സൗകര്യം, ലഘുഭക്ഷണം എന്നിവയാണ് ഇവിടെ ഒരുക്കാൻ പദ്ധതിയിട്ടിരുന്നത്. സഞ്ചാരികൾക്ക് വേണ്ട നിർദ്ദേശവും ഇവിടെ നൽകാൻ ലക്ഷ്യമിട്ടിരുന്നു. നഗരസഭ നൽകിയ പത്തുസെന്റ് സ്ഥലത്ത് 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.

എന്നാൽ നിർമ്മാണം കഴിഞ്ഞ് അധികൃതർ കൈയൊഴിഞ്ഞ നിലയിലാണ് കെട്ടിടം. കഴിഞ്ഞ കൗൺസിലിന്റെ അവസാന കാലത്ത് കുടുംബശ്രീയ കെട്ടിടം ഏൽപ്പിക്കാൻ ശ്രമം നടന്നെങ്കിലും ഫലവത്തായില്ല. തൊട്ടടുത്ത് കേന്ദ്ര സർക്കാരിന്റെ ആയുഷ് പദ്ധതി പ്രകാരം കണ്ണാശുപത്രിയുടെ ബഹുനില മന്ദിരം നിർമ്മാണം നടക്കുന്നുണ്ട്. ഇതിന്റെ സാമഗ്രികളെല്ലാം ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് മുന്നിൽ കൂട്ടിയിട്ട നിലയിലാണ്.

കണ്ണാശുപത്രി പ്രവർത്തനം തുടങ്ങിയാൽ വിനോദ യാത്രയുമായി ബന്ധപ്പെട്ട കേന്ദ്രം തൊട്ടടുത്ത് പ്രവർത്തിക്കുന്നത് അഭികാമ്യമായിരിക്കില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് കെട്ടിടം വിട്ടുനൽകുന്നതാകും നല്ലതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.