 
പുതുതായി നിർമ്മിച്ച 24 മെഗാവാട്ട് ജനറേറ്റർ ട്രയൽ റൺ നടത്തി
ചാലക്കുടി: പൊരിങ്ങൽക്കുത്ത് ഡാമിൽ പുതുതായി നിർമ്മിച്ച 24 മെഗാവാട്ടിന്റെ ജനറേറ്റർ ട്രയൽ റൺ നടത്തി. കൂടുതൽ പരിശോധനകൾക്കു ശേഷം ഏപ്രിൽ അവസാനത്തോടെ പദ്ധതി കമ്മിഷൻ ചെയ്യും. കെ.എസ്.ഇ.ബി ലിമിറ്റഡ് എം.ഡി: ബി. അശോകിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പരീക്ഷണ പ്രവർത്തനം തൃപ്തികരമായിരുന്നു. ഇതോടെ പൊരിങ്ങൽക്കുത്ത് നിലയം 76 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ളതായി മാറി.
പഴയ പവർ ഹൗസിനടുത്ത് രണ്ട് കിലോമീറ്റർ പാറ തുരന്നാണ് പുതിയ പദ്ധതിയുടെ ടണൽ നിർമ്മിച്ചത്. ടണൽ നിറയ്ക്കാൻ മൂന്നു കോടി ലിറ്റർ വെള്ളം ആവശ്യമുണ്ട്. 24 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് സെക്കന്റിൽ പതിനെണ്ണായിരം ലിറ്റർ വെള്ളം ഉപയോഗിക്കും. പദ്ധതി നിർമ്മാണത്തിന് 160 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും 140 കോടി രൂപയാണ് ചെലവായത്.
വൃഷ്ടി പ്രദേശം കൂടുതലുള്ളതിനാൽ വർഷകാലത്ത് പൊരിങ്ങൽക്കുത്ത് ഡാമിൽ നിന്നും വൻ തോതിൽ വെള്ളം പാഴായി പോകുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു മൂന്നാമത്തെ പദ്ധതി ഒരുക്കിയത്.
2011ൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വനം വകുപ്പിന്റെ എതിർപ്പിനെ തുടർന്ന് വൈകി. പിന്നീട് 2015ലാണ് നിർമ്മാണ പ്രവർത്തനത്തിന് തുടക്കമിട്ടത്. വലിപ്പത്തിൽ സംസ്ഥാനത്തെ നാലാമത് വൈദ്യുതി നിലയമായ ഷോളയാറിനെ വൈദ്യുതി ഉത്പാദനത്തിന്റെ കാര്യത്തിൽ പൊരിങ്ങൽക്കുത്ത് മറികടക്കും. ഷോളയാറിൽ 54 മെഗാ വാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.
24 മെഗാവാട്ട് ജനറേറ്റർ പദ്ധതി