പുതുക്കാട്: കണ്ണമ്പാത്തൂർ കോക്കാടൻ വീട്ടിൽ ജോർജ് വിവരാവകാശ നിയമം അനുസരിച്ച് പുതുക്കാട് പഞ്ചായത്തിലും തൊറവ് വില്ലേജിലും അപേക്ഷ നൽകിയത് 2014 ജൂലൈ 31 നാണ്. ചോദ്യം ഇതായിരുന്നു, കണ്ണംമ്പത്തൂർ ചാക്കോച്ചിറ മുതൽ ഉഴിഞ്ഞാൽ പാടം വരെയുള്ള തോടിന്റെ നീളവും വീതിയും എത്ര ?. കൈയ്യേറ്റങ്ങൾ ഉണ്ടോ ?. കൈയ്യേറ്റഭൂമി പതിച്ചു കൊടുത്തിട്ടുണ്ടാ ?. ഉണ്ടെങ്കിൽ വിവരങ്ങൾ, എന്നീ കാര്യങ്ങളാണ് ജോർജ് ചോദിച്ചത്. ഇതിന് വില്ലേജ് ഓഫിസർ നൽകിയ മറുപടിയിൽ ചാക്കോചിറ മുതൽ ഉഴിഞ്ഞാൽപാടം പാലം വരെ പുറംമ്പോക്ക് തോട് ഇല്ല എന്നതായിരുന്നു. പഞ്ചായത്തിന്റെ കൈവശവും രേഖയില്ലന്നായിരുന്നു മറുപടി. മറുപടികൾ തൃപ്തികരമല്ലാത്തതിനാൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും തഹസിൽദാർക്കും ജോർജ് അപ്പീൽ നൽകി. അവിടങ്ങളിലെ മറുപടിയും തൃപ്തികരമല്ലാതായതോടെ സംസ്ഥാന വിവരാവകാശ കമ്മിഷണർക്കും അപ്പിൽ നൽകി. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഹർജി തീർപ്പാക്കി കഴിഞ്ഞ 5 ന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ജോർജിന്റെ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല. പഞ്ചായത്ത് വില്ലേജ് രേഖകളിൽ ഇല്ലാത്ത തോടിന് പുതുക്കാട് ഗ്രാമ പഞ്ചായത്ത് 2006-07 വർഷത്തിൽ ചാക്കോച്ചിറ റോഡിന്റെ വശം കെടുന്നതിനും കാന നിർമ്മിക്കുന്നതിനുമായി എസ്.സി.പി ഫണ്ട് 54, 112 രൂപയും 2014-15 വർഷത്തിൽ ചാക്കോച്ചിറ കനാൽ റോഡ് സ്ലാബ് നിർമ്മാണത്തിന് ഒരു ലക്ഷം രൂപയും ചെലവിട്ടതായി രേഖകൾ സൂചിപ്പിക്കുന്നു. രേഖകളിൽ ഇല്ലാത്ത പുറംമ്പോക്ക് തോടിന്റെ പേരിൽ പണം ചെലവഴിച്ചതിന് രേഖ ഉണ്ടെങ്കിലും സർക്കാർ രേഖകളിൽ ഇങ്ങനെ ഒരു തോട് ഇല്ല എന്നതിന്റെ മായാജാലം എന്തെന്ന് ജോർജിന് ഇനിയും പിടികിട്ടുന്നില്ല.