exhibition

തൃശൂർ: സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 18 മുതൽ 24 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന മെഗാ എക്‌സിബിഷനും വിപണന മേളയും സംഘടിപ്പിക്കും. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്‌സിബിഷനോട് അനുബന്ധിച്ച് എല്ലാ ദിവസവും പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകളും കലാ, സംഗീത പരിപാടികളും അരങ്ങേറും.

150 സ്റ്റാളുകളിലായി വിവിധ സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപറേഷനുകൾ, സർക്കാർ ഫാമുകൾ, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ആദിവാസി വിഭാഗങ്ങൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയവ പ്രദർശന വിപണന മേളയുടെ ഭാഗമാവും. അക്ഷയ, ഐ.ടി മിഷൻ, ആരോഗ്യം, തദ്ദേശ സ്വയംഭരണം, എംപ്ലോയ്‌മെന്റ്, കാർഷികവികസനം, ക്ഷീര വികസനം, ഭക്ഷ്യ സുരക്ഷ, കേരള വാട്ടർ അതോറിറ്റി, വനിതാ ശിശുവികസനം, കെ.എസ്.ഇ.ബി, നിപ്മർ തുടങ്ങിയ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനം സൗജന്യമായി ജനങ്ങൾക്കെത്തിക്കുന്ന ഇരുപതോളം യൂട്ടിലിറ്റി സ്റ്റാളുകളും മേളയിലുണ്ടാകും.

ആധാർ ഉൾപ്പെടെയുള്ള അക്ഷയ സേവനങ്ങൾ, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, മണ്ണ് ജല പരിശോധനകൾ, ജീവിത ശൈലീ രോഗനിർണയം, കുഞ്ഞുങ്ങളിലെ ഭിന്നശേഷി നിർണയ പരിശോധന, വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ, പാൽ ഗുണനിലവാര പരിശോധന, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കൗൺസലിംഗ് തുടങ്ങിയ സേവനങ്ങൾ സ്റ്റാളുകളിൽ നിന്ന് സൗജന്യമായി ലഭിക്കും.

വികസന ക്ഷേമ പ്രവർത്തനം ജനങ്ങളെ പരിചയപ്പെടുത്തുകയും അവ ലഭ്യമാക്കാൻ ആവശ്യമായ മാർഗ നിർദ്ദേശം നൽകുകയും ചെയ്യുന്ന തീം സ്റ്റാളുകളും ഒരുക്കും. പുത്തൂരിൽ നിർമ്മാണം പുരോഗമിക്കുന്ന സുവോളജിക്കൽ പാർക്ക് ഉൾപ്പെടെ ജില്ലയിലെ വിനോദ സഞ്ചാര കാഴ്ചകൾ ആവിഷ്‌കരിക്കുന്ന ടൂറിസം വകുപ്പിന്റെ 'കേരളത്തെ അറിയാം' തീം പവലിയൻ, വ്യവസായ വകുപ്പിന്റെ വിപണന സ്റ്റാളുകൾ, പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 'എന്റെ കേരളം' തീം പവലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെയും റോബോട്ടിക്‌സ്, നിർമിത ബുദ്ധി, ത്രീഡി പ്രിന്റിംഗ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ടെക്‌നോളജി പവലിയൻ, കാർഷിക വികസന വകുപ്പ്, കെ.എഫ്.ആർ.ഐ, കാർഷിക സർവകലാശാല തുടങ്ങിയവയുടെ പവലിയൻ എന്നിവയും ഒരുക്കും.