തൃശൂർ: സി. അച്യുതമേനോൻ ഗവ. കോളേജിൽ പഠനത്തോടൊപ്പം ഗണിതത്തിലൂടെ വരുമാനം എന്ന ലക്ഷ്യം മുൻനിറുത്തി മാത്തമാറ്റിക്‌സ് ലേണിംഗ് ലാബ് തുടങ്ങി. സർക്കാർ നടപ്പാക്കുന്ന 'പണം നേടാം പഠനത്തോടൊപ്പം' എന്ന പദ്ധതി വഴി അനുമതി ലഭിച്ച് നടപ്പിലാക്കിയതാണ് ലാബ്. ഗണിതശാസ്ത്ര സിദ്ധാന്തങ്ങളെ മോഡലുകൾ വഴി വിദ്യാർത്ഥികളിൽ അരക്കിട്ടുറപ്പിക്കാനും സ്‌കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ, പി.എസ്.സി കോച്ചിംഗ് എന്നിവ നൽകി കോളേജ് വിദ്യാർത്ഥികളെ അദ്ധ്യാപന രംഗത്തേയും സ്വാശ്രയത്വത്തിലേക്കും കൊണ്ടുവരാനാണ് ലക്ഷ്യം. ഗണിതാദ്ധ്യാപനത്തിൽ ഏറെ സാദ്ധ്യതകൾ നിലവിലുണ്ട്. അതുകൊണ്ടുതന്നെ അദ്ധ്യാപനത്തിൽ ഊന്നൽ നൽകും. ഭാവിയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗണിത ജേണൽ പ്രസിദ്ധീകരണം ആരംഭിയ്ക്കാനും ലക്ഷ്യമുണ്ട്. കവർ ഡിസൈനിംഗ്, ഡി.ടി.പി, പ്രൂഫ് റീഡിംഗ് തുടങ്ങിയവയിലൂടെയും വിദ്യാർത്ഥികൾക്ക് വരുമാനം നേടാം. കാർഷിക, ആരോഗ്യ, വ്യവസായ രംഗങ്ങളിലടക്കമുള്ള വിദഗ്ധരുമായി ചേർന്ന് ഗവേഷണരംഗത്തെ കൂട്ടായ ചർച്ചകളും പ്രസിദ്ധീകരണങ്ങളും ലക്ഷ്യമിടുന്നുണ്ട്. ട്രെയിനിംഗ് കോ-ഓർഡിനേറ്റർമാരിലൊരാളായ ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. ഡോ. അജിതറാണിയാണ് മറ്റൊരു കോ-ഓഡിനേറ്റർ. ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ.ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണ കോളേജ് ഗണിത ശാസ്ത്ര വിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ. ടി. എസ്. ബാലസുബ്രഹ്മണ്യൻ, പോൾസൺ റാഫേൽ, ബാബു മലയിൽ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. കോളേജ് അലുമ്‌നിയുടെ നേതൃത്വത്തിൽ നടന്ന സൈക്കിൾ ബാങ്ക് സ്‌കീമിന്റെ ഉദ്ഘാടനത്തോടൊപ്പം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.