
ചെമ്പൂച്ചിറ: സിമന്റ് ഇളകി വീഴുകയും ചോർന്നൊലിക്കുകയും ചെയ്തതോടെ, ഒന്നര വർഷം മുൻപ് പണിത ചെമ്പൂച്ചിറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ രണ്ടാം നിലയിലെ അഞ്ച് ക്ലാസ് മുറികളുടെ മേൽക്കൂര പൊളിച്ചു നീക്കി.
കിഫ്ബി ഫണ്ടിൽ നിന്ന് 3.84 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച് ഉദ്ഘാടനം ചെയ്ത സ്‌കൂളിന്റെ നിർമ്മാണം പൂർത്തിയായതിന് പിന്നാലെ, മേൽക്കൂരയിൽ നിന്ന് പ്ലാസ്റ്റർ അടർന്ന് വീഴുകയും വെള്ളം ചോരുകയും ചെയ്തതിരുന്നു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിയമസഭയിൽ പ്രശ്‌നം ഉന്നയിച്ചതിനെത്തുടർന്ന് 2021 ഡിസംബർ എട്ടിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം, നിർമ്മാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തി. തുടർന്നാണ് അഞ്ച് ക്ലാസ് മുറികളുടെ മേൽക്കൂര പൊളിച്ചത്.
പൊളിച്ച ഭാഗങ്ങളിൽ ആവശ്യത്തിന് കമ്പിയും മെറ്റലും സിമന്റും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായി.
കെട്ടിടത്തിന്റെ നിർമ്മാണ മേൽനോട്ടത്തിന് സൂപ്പർവൈസർ പോലുമുണ്ടായിരുന്നില്ലെന്ന് പി.ടി.എ ഭാരവാഹികൾ പറയുന്നു. തൊട്ടാൽ അടർന്നുവീഴുന്ന ചുമരും മേൽക്കൂരയും ഒറ്റനോട്ടത്തിൽ ബോദ്ധ്യപ്പെടുമ്പോഴും, പ്ലാസ്റ്ററിംഗിലെ പോരായ്മകൾ മാത്രമാണ് കെട്ടിടത്തിനുളളതെന്നായിരുന്നു അധികൃതരുടെ കണ്ടെത്തൽ. നിർമ്മിതികൾ സുദൃഢവും പൂർണ സുരക്ഷിതവുമാണെന്നായിരുന്നു വാപ്‌കോസിന്റെ ഇടക്കാല റിപ്പോർട്ട്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് വാപ്‌കോസ്. റീബൗണ്ട് ഹാമർ ടെസ്റ്റുൾപ്പെടെ നടത്തിയതിന്റെ അടിസ്ഥാനത്തിൽ കൈറ്റിനാണ് ഇടക്കാല റിപ്പോർട്ട് നൽകിയത്.