zoo

തൃശൂർ: കൊവിഡിന്റെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി വേനലവധിക്കാലം പിറക്കുമ്പോൾ കുട്ടികളുടെ ഇഷ്ടകേന്ദ്രമായ തൃശൂർ മൃഗശാല തിരക്കോടു തിരക്കിലേയ്ക്ക്. പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് ഒരു വർഷത്തിനുള്ളിൽ ഭൂരിഭാഗം മൃഗങ്ങളേയും മാറ്റിയേക്കുമെന്നതിനാൽ അടുത്ത വേനലവധിയ്ക്ക് തൃശൂർ മൃഗശാല ഇതുപോലെ സജീവമാകില്ല. അതുകൊണ്ട് വൻതിരക്കാണ് മൃഗശാല അധികൃതർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാസം മുതൽ തിരക്ക് കൂടിയിരുന്നു. മൃഗങ്ങളെ മുഴുവനും മാറ്റിയാൽ ഇവിടെ സാംസ്‌കാരിക സമുച്ചയം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡിനെ തുടർന്ന് അടച്ചിട്ട തൃശൂർ മൃഗശാലയും മ്യൂസിയവും കഴിഞ്ഞ ഒക്ടോബറിലാണ് തുറന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പ്രവേശനം. ഇപ്പോഴും കൊവിഡ് മാനദണ്ഡം പാലിക്കാനാണ് നിർദ്ദേശം. മ്യൂസിയം, കുട്ടികളുടെ പാർക്ക്, സ്‌നേക്ക് മ്യൂസിയം എന്നിവയെല്ലാം തുറന്നുപ്രവർത്തിക്കുന്നുണ്ട്. മൃഗശാലയിൽ വരുന്നതോടെ കൊവിഡ് കാല മാനസികസംഘർഷങ്ങൾക്ക് കൂടിയാണ് കുട്ടികളിൽ അയവ് വരുന്നത്.

അടച്ചുപൂട്ടലിൽ നഷ്ടം കോടിയിലേറെ

മൃഗശാലയുടെ ശരാശരി മാസവരുമാനം 12 ലക്ഷമാണ്. വേനലവധിക്കാലത്ത് അതിലേറെ വരുമാനമുണ്ടാകും. ആദ്യലോക് ഡൗണിൽ മാർച്ച് 11 മുതൽ അടച്ചിട്ടിരുന്നു. മൂന്നര മാസത്തിനുള്ളിൽ അരക്കോടി രൂപയോളമായിരുന്നു നഷ്ടം. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തൃശൂർ മൃഗശാല പ്രവർത്തനമാരംഭിച്ചെങ്കിലും 10 വയസിന് താഴെയും 60ന് മുകളിലുമുള്ളവർക്ക് പ്രവേശനമുണ്ടായിരുന്നില്ല. മൃഗശാലയിലെ പാർക്കിലേക്കും സന്ദർശകർക്ക് അനുമതിയുണ്ടായിരുന്നില്ല. ത്രീഡി തിയേറ്ററും പ്രവർത്തിച്ചിരുന്നില്ല. ഇതോടെ സന്ദർശകരും കുറഞ്ഞു. ചുരുക്കത്തിൽ രണ്ടുവർഷത്തിനിടെയുണ്ടായ നഷ്ടം കോടിയിലേറെ വരും. പ്രവേശനഫീസ് മുതിർന്നവർക്ക് ഇരുപത് രൂപയാണ്. കുട്ടികൾക്ക് അഞ്ചും. സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ്.

നൂറ്റാണ്ടിന്റെ പഴക്കം

1885 ൽ തൃശൂരിൽ പ്രവർത്തനമാരംഭിച്ച മൃഗശാലയാണ് ഇനി വിസ്മൃതിയിലേക്ക് മടങ്ങുന്നത്. നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിലുളള മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ തന്നെ വിനോദസഞ്ചാരകേന്ദ്രമായി വളർന്നു. മൃഗശാല അങ്കണത്തിൽ ഒരു പ്രകൃതിചരിത്ര കാഴ്ചബംഗ്ലാവുമുണ്ട്. ശക്തൻതമ്പുരാൻ അടക്കം ഉപയോഗിച്ചിരുന്ന വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പാമ്പുകളെ വളർത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ മ്യൂസിയവുമുണ്ട്.

55 ജീവിവർഗങ്ങൾ
500ഓളം മൃഗങ്ങൾ

പ്രവർത്തനസമയം: രാവിലെ 9 മുതൽ വൈകിട്ട് അഞ്ചേകാൽ വരെ
ടിക്കറ്റ് നിരക്ക്: മുതിർന്നവർക്ക് 20 രൂപ
പന്ത്രണ്ടുവയസിന് താഴെയുള്ള കുട്ടികൾക്ക് 5 രൂപ

മൃഗങ്ങൾ

സിംഹം ഒന്ന്
കടുവകൾ നാല്
പുലി രണ്ട്
മാനുകൾ പുളളിമാനുകളും മ്‌ളാവുകളും അടക്കം ഇരുന്നൂറോളം
ഹിപ്പോപൊട്ടാമസുകൾ മൂന്ന്
മീൻ മുതല രണ്ട്
പാമ്പുകൾ അടക്കമുള്ള ഇഴജീവികൾ അമ്പത്

വേനലവധിക്ക് വലിയ തിരക്കുണ്ടാകുമെന്നാണ് കരുതുന്നത്. പുത്തൂർ മൃഗശാലയിലേക്ക് മൃഗങ്ങളെ മാറ്റാനുള്ള ശ്രമം നടക്കുന്നതിനാൽ പുതിയ മൃഗങ്ങളൊന്നും വന്നിട്ടില്ല.

രാജേഷ്

സൂപ്രണ്ട്, തൃശൂർ മൃഗശാല