ബെർലിൻ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ബെയർ നേടിയ 'ദേർ ഈസ് നോ ഈവിൾ' ഉദ്ഘാടനചിത്രം.

തൃപ്രയാർ: എട്ടാം അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 31 മുതൽ ഏപ്രിൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ തൃപ്രയാറിൽ അരങ്ങേറും. ജനചിത്ര ഫിലിം സൊസൈറ്റിയാണ് മുഖ്യസംഘാടകർ. മാർച്ച് 31ന് വൈകീട്ട് നാലിന് സംവിധായകൻ ജയരാജ് മേള ഉദ്ഘാടനം ചെയ്യും.

എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ എട്ടാം രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. അസോസിയേറ്റ് ഡയറക്ടർ ഐ.ഡി. രഞ്ജിത്ത് ആദ്യപ്രതി ഏറ്റുവാങ്ങും. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ബെയർ നേടിയ ഇറാനിയൻ ചിത്രം 'ദേർ ഈസ് നോ ഈവിൾ' ആണ് ഉദ്ഘാടനചിത്രം.

മലയാളത്തിലെ മികച്ച നവാഗത സംവിധായകനുള്ള പ്രഥമ കിഷോർകുമാർ പുരസ്‌കാരം മേളയുടെ സമാപന ദിവസമായ ഏപ്രിൽ മൂന്നിന് സമ്മാനിക്കും. 'ആർക്കറിയാം' എന്ന ചിത്രത്തിന്റെ സംവിധായകനായ സാനു ജോൺ വർഗീസിനാണ് അവാർഡ്. 'പട' സംവിധായകൻ കെ.എം. കമൽ അവാർഡ് സമ്മാനിക്കും.

സംവിധായകൻ രാംദാസ് കടവല്ലൂരുമായുള്ള സംവാദവും നടക്കും. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട 'ആവാസവ്യൂഹം' മേളയിലുണ്ട്. സംവിധായകൻ കൃഷ്ന്ത് ആർ.കെ യുമായി സംവാദം നടക്കും.
സമാപന സമ്മേളനദിവസം പി.എസ്. ചന്ദ്രമതിയും സംഘവും നയിക്കുന്ന സംഗീത സായാഹ്നം അരങ്ങേറും.

കിഷോർ കുമാർ പുരസ്‌കാരം ലഭിച്ച 'ആർക്കറിയാം' സിനിമയുടെ പ്രദർശനത്തോടെ മേളക്ക് തിരശ്ശീല വീഴും.

നാല് ദിവസം 14 സിനിമകൾ

എനദർ റൗണ്ട്, എ ഹിഡൻ ലൈഫ്, ദി ഫാദർ, ബാറ്റിൽ ഓഫ് അൾജിയേഴ്‌സ്, ഡിയർ കോമ്രേഡ്‌സ്, സംതിങ്ങ് ഇൻ ദി എയർ

ഇന്ത്യൻ സിനിമാ വിഭാഗം

നന്ദിതാ ദാസിന്റെ 'ഫിറാഖ്'

മലയാള സിനിമാ വിഭാഗം

തിങ്കളാഴ്ച നിശ്ചയം, റിക്ടർ സ്‌കെയിൽ 7.6, ആവാസവ്യൂഹം, ആരവം, കാടകലം

മറ്റുള്ളവ

അഞ്ച് ഹ്രസ്വ ചിത്രങ്ങൾ,​ 'മണ്ണ്' ഡോക്യുമെന്ററി

വേദിയും പ്രവേശനവും

ശ്രീരാമ തിയേറ്ററാണ് മേളയുടെ വേദി. ഡെലിഗേറ്റ് പാസ് വഴിയാണ് പ്രവേശനം. മുതിർന്നവർക്ക് 200 രൂപയും വിദ്യാർത്ഥികൾക്ക് 100 രൂപയുമാണ് ഈടാക്കുന്നത്.