ചേലക്കര: അന്തിമഹാകാളൻകാവ് വേല പങ്ങാരപ്പിള്ളി ദേശ വേല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാദരണം എന്ന പേരിൽ ആദരിക്കൽ ചടങ്ങ് ഏപ്രിൽ രണ്ടിന് നടത്താൻ തീരുമാനിച്ചതായി ദേശ വേല കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്തിമഹാകാളൻകാവ് വേലയുടെ ഭാഗമായി നടക്കുന്ന പ്രധാന ചടങ്ങുകൾക്ക് നേതൃത്വം നൽകി വന്നിരുന്ന വ്യക്തികളെയാണ് ആദരിക്കുന്നത്. വേലയുടെ ഭാഗമായി കുംഭം 1 ന് വെടി പൊട്ടി കഴിഞ്ഞ് മീനമാസത്തിലെ രണ്ടാം ശനിയാഴ്ച്ച നടക്കുന്ന അന്തിമഹാകാളൻകാവ് വേല കഴിഞ്ഞ് കൂറവലിക്കൽ വരെയുള്ള എല്ലാ ചടങ്ങുകളിലും ഭാഗമായിട്ടുള്ള അടിയന്തിരക്കാരെയും അന്തിമഹാകാളൻകാവ് വേലയുമായി കാലങ്ങളോളമായി സഹകരിക്കുന്ന കലാകാരൻമാരെയുമാണ് ആദരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടിന് കാലത്ത് 10 മണിക്ക് അന്തിമഹാകാളൻകാവ് ക്ഷേത്രത്തിൽ വച്ച് നടക്കുന്ന ചടങ്ങ് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പത്മശ്രീ സുന്ദർമേനോൻ തുടങ്ങിയ വിശിഷ്ടവ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ ഏകേദശം നൂറോളം ആളുകളെ ആദരിക്കാനാണ് ദേശ വേല കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതായി പങ്ങാരപ്പിള്ളി ദേശ വേല കമ്മിറ്റി പ്രസിഡന്റ് വി.കെ. സുനിൽകുമാർ, ക്ഷേത്രം ഊരാളൻ ടി.എൻ. ദാമോദരനുണ്ണി, സെക്രട്ടറി കൃഷ്ണൻകുട്ടി, കോ-ഓർഡിനേറ്റർ രാജേഷ് നമ്പ്യാത്ത് എന്നിവർ അറിയിച്ചു.