തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവാദി ചടങ്ങുകൾക്കും ദൈന്യംദിന ചെലവുകൾക്കും നൽകുന്ന തുകയിൽ കടുംവെട്ടെന്ന് ആക്ഷേപം. ചടങ്ങുകൾക്ക് പണം കണ്ടെത്താൻ ദേവസ്വം മാനേജർമാരും ഓഫീസർമാരും നെട്ടോട്ടം ഓടുന്നു. ചടങ്ങുകൾ നടത്തുന്നതിന് ആവശ്യമായ തുക ചേർത്ത് എസ്റ്റിമേറ്റ് സമർപ്പിച്ചാലും അവസാന നിമിഷം മാത്രമാണ് അംഗീകാരം നൽകുകയുള്ളുവെന്നാണ് ആക്ഷേപം. ഈ സമയത്താണ് സമർപ്പിച്ച തുകയിൽ കുറവ് വരുത്തി കൊണ്ട് ബിൽ പാസാക്കുന്നതെന്നാണ് പറയുന്നത്.
മദ്ധ്യ കേരളത്തിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന തിരുവില്വാമല നിറമാല മുതലാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത്തരം നടപടികൾ ആരംഭിച്ചതെന്ന് പറയുന്നു. അടുത്തിടെ സമാപിച്ച ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട് ബോർഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലേയും ബില്ലുകളിലും കടുംവെട്ടാണ് നടത്തിയിരിക്കുന്നതെന്ന് പറയുന്നു. ഇതുമൂലം പല ഓഫീസർമാരും ചെലവുകൾക്ക് പണം കണ്ടെത്താൻ സാധിക്കാതെ വട്ടം കറങ്ങുകയാണ്. കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഇതെന്നാണ് ദേവസ്വം കമ്മീഷണർ പറയുന്നതെന്നാണ് ദേവസ്വം ഓഫീസർമാർ പറയുന്നത്. ബില്ലുകൾ പാസാക്കുന്നത് സ്‌പെഷ്യൽ കമ്മിഷണറാണ്. അതേസമയം രണ്ട് ലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്ന കമ്മിഷണറുടെ അനുബന്ധ ചെലവുകളിൽ ഒന്നും തന്നെ കുറവ് വരുത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നേരത്തെ പത്ത് ലക്ഷത്തോളം വരുന്ന ലക്ഷ്വറി കാറിൽ ഇരിപ്പിടം ശരിയല്ലെന്ന് പറഞ്ഞ് പതിനായിരക്കണക്കിന് രൂപ അനാവശ്യമായി ചെലവഴിച്ചെന്ന ആരോപണം ഉയർന്നിരുന്നു.
വരുമാനം വർദ്ധിപ്പിക്കാൻ 'ഫിൽഡിൽ' ഇറങ്ങണമെന്ന്
ക്ഷേത്രങ്ങളിലെ വരുമാനം വർദ്ധിപ്പിക്കാൻ വീടുകളിൽ ചെന്ന് വഴിപാടുകൾ കണ്ടെത്തണമെന്ന് നിർദ്ദേശം. രേഖമൂലമുള്ള ഉത്തരവ് നൽകിയിട്ടില്ലെങ്കില്ലും കൗണ്ടർ സ്റ്റാഫുകൾക്കാണ് ഇത്തരമൊരു വാക്കാൽ നിർദ്ദേശം നൽകിയിട്ടുള്ളത്. ഇത്തരം നടപടികളിൽ ഇടതുപക്ഷ യൂണിയനും എതിർപ്പിലാണ്. ചെറിയ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കാണ് സമ്മർദ്ദം.