ചാലക്കുടി: പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 31, ഏപ്രിൽ, 1, 2 തീയതികളിൽ നടക്കും. വ്യാഴാഴ്ച രാത്രി 7ന് മേൽശാന്തി ശ്രീജിത്ത് എമ്പ്രാന്തിരി കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും. വെള്ളിയാഴ്ച വൈകീട്ട് ആനച്ചമയ പ്രദർശനം നടക്കും. മെഗാ സ്റ്റേജ് ഷോയാണ് തുടർന്നുള്ള പരിപാടി. മഹോത്സവ ദിനമായ ശനിയാഴ്ച പുറത്തേയ്‌ക്കെഴുന്നള്ളിപ്പ് നടക്കും. ഉച്ചയ്ക്ക് അന്നദാനം, 12.30ന് ചാക്യാർക്കൂത്ത്, ഉച്ചതിരിഞ്ഞ് 2ന് ആനയൂട്ട് എന്നിവ നടക്കും. വൈകീട്ട് ഏഴ് ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ച ശീവേലി നടക്കും. പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ പ്രമാണിത്തത്തിലുള്ള 108 കലാകാരന്മാരുടെ കാഴ്ചശീവേലി, തുടർന്ന് പാണ്ടിമേളം, രാത്രി 7ന് വർണമഴ, തുടർന്ന് തായമ്പക എന്നിവയാണ് പ്രധാന ചടങ്ങുകൾ. പരിപാടികൾ വിശദീകരിക്കുന്നതിന് ചേർന്ന വാർത്താസമ്മേളനത്തിൽ ക്ഷേത്രോദ്ധാരണ സമിതി പ്രസിഡന്റ് കെ.ജി. സുന്ദരൻ, സെക്രട്ടറി വത്സൻ ചമ്പക്കര, ശിവശങ്കരൻ പറാപറമ്പത്ത്, പീതാംബരൻ കോന്നാത്ത് തുടങ്ങിയവർ പങ്കെടുത്തു.