മേലൂർ: ക്ഷീരോത്പ്പാദക സഹകരണ സംഘങ്ങളിൽ ആദ്യമായി സോളാർ പാനൽ സ്ഥാപിച്ച് മേലൂർ സംഘം. പത്ത് കിലോവാട്ട്‌സിന്റെ പാനലാണ് കെട്ടിടത്തിൽ ഒരുക്കിയത്. ക്ഷീര വികസന വകുപ്പിൽ നിന്നും 6.5 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ഇതിൽ 75 ശതമാനം സബ്‌സിഡി ലഭിക്കും. സോളാർ പാനൽ ഔദ്യോഗികമായി ഏപ്രിൽ 1ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3ന് നടക്കുന്ന ചടങ്ങിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.പി. സുരേഷ്‌കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. കഴിഞ്ഞ ആറ് വർഷത്തെ പ്രവർത്തന കാലയളവിൽ സംഘം മികച്ച നേട്ടങ്ങളുണ്ടാക്കിയെന്ന് പ്രസിഡന്റ് വി.ഡി. തോമസ് പറഞ്ഞു.