ചാലക്കുടി: രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് ചാലക്കുടിയിൽ പൂർണം. ചൊവ്വാഴ്ച സർവ്വീസ് നടത്തിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ സമരാനുകൂലികൾ റോഡിൽ തടഞ്ഞിട്ടു. നോർത്ത് ജംഗ്ഷനിൽ തുറന്നു പ്രവർത്തിച്ച ഏതാനും കടകൾ പിന്നീട് അടപ്പിച്ചു. ചാലക്കുടി, പൂവത്തിങ്കൽ, കൊരട്ടി എന്നിവിടങ്ങളിൽ സമര സംഗമ വേദികളും ഒരുക്കിയിരുന്നു. രണ്ട് ഓർഡനറി ബസുകളാണ് സൗത്ത് ജംഗ്ഷനിൽ തടഞ്ഞിട്ടത്. സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ് തൃശൂരിലേക്കുള്ള സർവീസിന് ഒരുങ്ങിയത്. വിവരമറഞ്ഞ് സമരാനുകൂലികൾ ഓടിയെത്തി രണ്ടു ബസുകളും തടഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ ഇടപെടൽ നിമിത്തം ഒരു മെഡിക്കൽ കോളേജിലേക്കുള്ള ഒരു ബസിനെ കടത്തിവിട്ടു. മറ്റൊന്ന് സ്റ്റാന്റിലേക്ക് തന്നെ തിരിച്ചുപോയി. ഇരുബസുകളിലും യാത്രക്കാരില്ലായിരുന്നു.