കുന്നംകുളം: കാട്ടകാമ്പാൽ, പോർക്കുളം പഞ്ചായത്തുകളിലായി കിടക്കുന്ന പുല്ലാണിച്ചാൽ കോൾപ്പടവിൽ കൊയ്ത്ത് പുരോഗമിക്കുന്നു. 5 കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടക്കുന്നത്. മണിക്കൂറിന് 1600 രൂപയാണ് കൊയ്ത്ത് മെതിയന്ത്രത്തിന്റെ വാടക. സപ്ലൈകോയ്ക്ക് വേണ്ടി സ്വകാര്യ മില്ലുകളാണ് കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത്. സീസണിലെ ആദ്യത്തെ കൊയ്ത്താണ് പുല്ലാണിച്ചാൽ കോൾപ്പടവിൽ നടക്കുന്നതെന്ന് കോൾപടവ് പ്രസിഡന്റ് സോണി സഖറിയ, സെക്രട്ടറി എൻ.ഡി. ശശി എന്നിവർ പറഞ്ഞു. 90 ഏക്കർ പാടത്ത് ജ്യോതി വിത്താണ് കർഷകർ കൃഷി ചെയ്തത്. രോഗബാധ കുറവായതിനാൽ മികച്ച വിളവാണ് കർഷകർ പ്രതീക്ഷിക്കുന്നത്. കൊയ്‌തെടുത്ത നെല്ല് മാർ ഗ്രീഗോറിയോസ് പള്ളിയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ നെല്ല് നിറഞ്ഞതോടെ കോട്ടിയാട്ടുമുക്ക് ക്ഷേത്ര പരിസരത്തും സംഭരണം തുടങ്ങി. മുമ്പ്ോ കൊയ്‌തെടുത്ത നെല്ലുകൾ സ്വകാര്യ മില്ലുകൾ എത്തി ചാക്കുകളിലാക്കി ലോറിയിൽ കയറ്റി കൊണ്ടു പോയിരുന്നു. എന്നാൽ പൊതുപണിമുടക്ക് മൂലം നെല്ല് സംഭരിക്കാനുള്ള ചാക്കുകൾ പോലും എത്തിച്ചില്ല. ഇതോടെ കൊയ്‌തെടുത്ത നെല്ല് മില്ലുകാർ കൊണ്ടുപോകും വരെ സൂക്ഷിക്കേണ്ട ചുമതല കർഷകർക്കായി. 5 കൊയ്ത്ത് മെതിയന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്തുന്നതിനാൽ നെല്ല് ശേഖരിക്കുന്ന സ്ഥലങ്ങൾ അതിവേഗം നിറയുകയാണ്.